മലയാളി ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷം ചെന്നൈയിലെ വിഐപി വക

ചെന്നൈ∙ തമിഴ്നാട്ടിൽ കൊലപാതകമടക്കം വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ മലയാളി ഗുണ്ടാനേതാവ് പി.ബിനുവിന്റെ ജന്മദിന പാർട്ടി സംഘടിപ്പിച്ചതു ചെന്നൈയിലെ വിഐപിയെന്നു പൊലീസ് നിഗമനം. ആഘോഷവേദിയിൽ  നിന്നു പിടികൂടിയ 73 ഗുണ്ടകളെ ചോദ്യം ചെയ്തതിൽ നിന്നാണു സൂചന. 

അതിനിടെ, വർഷങ്ങളായി ചെന്നൈയിൽ താമസിക്കുന്ന ബിനു തൃശൂർ സ്വദേശിയാണെന്നു പൊലീസ് സ്ഥിരീകരിച്ചു.  തിരുവനന്തപുരം സ്വദേശിയാണെന്നാണു പറഞ്ഞിരുന്നത്.  തൃശൂരിൽ നിന്നു ജോലി തേടി ചെന്നൈയിലേക്കു കുടിയേറിയതാണു കുടുംബം.

ചൂളൈമേട്ടിൽ ചായക്കട ജോലിക്കാരനായിരുന്നു ആദ്യം. െചറിയ കുറ്റകൃത്യങ്ങളിൽ പങ്കാളിയായി പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ പിണിയാളായി. കരാട്ടേ വിദഗ്ധൻ കൂടിയായ ബിനു പിന്നീടു  ഗുണ്ടാസംഘത്തലവനാകുകയായിരുന്നു.

പ്രമേഹമുൾപ്പെടെയുള്ള അസുഖങ്ങൾ അലട്ടിയതിനാൽ നാലുവർഷം മുൻപു കേരളത്തിലേക്കു പിൻവാങ്ങി. എന്നാൽ, ഈയിടെ വീണ്ടും അധോലോകത്തു സജീവമാകാൻ തീരുമാനിച്ചതിനെ തുടർന്നാണു നാൽപതാം പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതും ഗുണ്ടകളെയെല്ലാം ക്ഷണിച്ചതും.  

അതിനിടെ, ചെന്നൈയിൽ ഗുണ്ടാരാജ് തിരികെ വരികയാണോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. എൺപതുകളുടെ പകുതി മുതൽ തൊണ്ണൂറുകളുടെ ആദ്യ പകുതിവരെ നഗരം അടക്കിവാണ ഗുണ്ടകളെ മലയാളി പൊലീസ് കമ്മിഷണർ എസ്. വിജയകുമാറിന്റെ നേതൃത്വത്തിലാണ് അന്നത്തെ മുഖ്യമന്ത്രി ജയലളിത അടിച്ചമർത്തിയത്.