Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെലവു കഴിയാൻ ബംഗാളി‍ൽ സിപിഎം ഓഫിസ് വാടകയ്ക്ക്

CPM FLAG

കൊൽക്കത്ത ∙ അധികാരം നഷ്ടപ്പെട്ടതോടെ പ്രതിസന്ധിയിലായ സിപിഎം, ബംഗാളിലെ ലോക്കൽ കമ്മിറ്റി ഓഫിസുകളിലൊന്ന് മൊത്തമായി വാടകയ്ക്കു നൽകി. 2011ൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് അധികാരം പിടിക്കും മുൻപു സംസ്ഥാനത്തെ സിപിഎം ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന പുർവ ബർധമാൻ ജില്ലയിലെ ഗുസ്കാര നഗരസഭയിലുള്ള ലോക്കൽ കമ്മിറ്റി ഓഫിസാണ് മാസം 15,000 രൂപയ്ക്കു വാടകയ്ക്കു നൽകിയത്.

1999ൽ നിർമാണം പൂർത്തിയാക്കിയ ‘രബിൻ സെൻ ഭവൻ’ എന്ന മൂന്നുനില മന്ദിരത്തിൽ മൂന്നു മുറികളും രണ്ടു ഹാളുകളും ശുചിമുറികളും അടുക്കളയുമുണ്ട്. മുഴുവൻ സമയ പ്രവർത്തകരുടെ വേതനവും വൈദ്യുതി ബില്ലും ഉൾപ്പെടെയുള്ള ചെലവുകൾ കണ്ടെത്താൻ നിർവാഹമില്ലാത്തതിനാലാണു പാർട്ടി ഓഫിസ് വാടകയ്ക്കു നൽകിയതെന്നും തീരുമാനം 422 അംഗങ്ങളും ഒറ്റക്കെട്ടായി എടുത്തതാണെന്നും സെക്രട്ടറി നാരായൺ ചന്ദ്ര ഘോഷ് പറഞ്ഞു.

കെട്ടിടം വാടകയ്ക്കെടുത്ത സ്വപൻ പാൽ ഇവിടെ കോച്ചിങ് സെന്റർ ആരംഭിക്കുന്നതിനു മുന്നോടിയായി ലെനിനും സ്റ്റാലിനും ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങൾ നീക്കം ചെയ്ത് പുനരുദ്ധാരണ ജോലികൾ ആരംഭിച്ചു. ലോക്കൽ കമ്മിറ്റി ഓഫിസ് ഇനിമുതൽ ഗുസ്കാരയിലെ സോണൽ കമ്മിറ്റി ഓഫിസിൽ പ്രവർത്തിക്കും.