Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയും ഒമാനുമായി എട്ടു കരാറുകൾ

Modi-at-Oman-1

മസ്കത്ത് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ എട്ടു കരാറുകൾ ഒപ്പുവച്ചു. നയതന്ത്ര പ്രതിനിധികള്‍ക്കു വീസയില്ലാതെ ഇരുരാജ്യങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്ന കരാറാണ് ഇതിലൊന്ന്. ആരോഗ്യം, ബഹിരാകാശ ഗവേഷണം, വിനോദസഞ്ചാരം, പൊതുഭരണം, സമുദ്ര ഗതാഗതം, പ്രതിരോധ സഹകരണം എന്നീ മേഖലകളിലും ധാരണാപത്രങ്ങളായി. 

ഇന്ത്യയുടെ വികസനത്തിൽ പ്രവാസികളായിരിക്കും മുഖ്യ പങ്കാളികളെന്നു പ്രധാനമന്ത്രി സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന പൊതുസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെ വ്യോമയാനനയം പ്രവാസികൾക്കു ഗുണകരമാകുമെന്നു പതിനയ്യായിരത്തോളം പ്രവാസികളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനകം 900 വിമാനങ്ങൾ വാങ്ങാൻ നടപടി സ്വീകരിച്ചതിന്റെ ഗുണഫലം പ്രവാസികൾക്കുമുണ്ടാകും. വിവിധ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് 53,000 കിലോമീറ്റർ ദേശീയപാത നിർമിക്കും. മികച്ച പാതകളും റെയിൽവേയും മാത്രമല്ല, വ്യോമ, ജലയാന മേഖലകളുടെ വികസനവും നമുക്കാവശ്യമാണ്. 2022ൽ ഇന്ത്യയിൽ എത്തുന്നവർക്കുള്ള വിസ്മയമായിരിക്കും ബുള്ളറ്റ് ട്രെയിൻ എന്നും പ്രധാനമന്ത്രി പറഞ്ഞു.

യുഎഇ സന്ദർശനത്തിനു ശേഷം വൈകിട്ടാണു നരേന്ദ്ര മോദി ഒമാനിലെത്തിയത്. ഇന്നു രാവിലെ മസ്കത്തിൽ സിഇഒ ഉച്ചകോടിയില്‍ ഒമാനിലെ വ്യവസായ പ്രമുഖരെ അദ്ദേഹം അഭിസംബോധന ചെയ്യും. 

മസ്കത്തിലെ ശിവക്ഷേത്രവും സുല്‍ത്താന്‍ ഖാസൂബ് ഗ്രാന്‍ഡ് മോസ്കും സന്ദര്‍ശിച്ച ശേഷം വൈകിട്ട് ഇന്ത്യയിലേക്കു മടങ്ങും.