Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശത്ത് മോദി രാജ്യത്തെ അപമാനിക്കുന്നു: കോൺഗ്രസ്

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശരാജ്യങ്ങളിൽ പോയി തന്റെ മുൻഗാമികളെയും ഇന്ത്യ നേടിയ പുരോഗതിയെയും അപഹസിക്കുന്നതു രാജ്യത്തിന് അഭിമാനകരമെല്ലെന്നു കോൺഗ്രസ്. ‘പ്രധാനമന്ത്രി സ്വതസിദ്ധമായ ശൈലിയിൽ ചരിത്രത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ നേട്ടങ്ങളെയും അപമാനിക്കുകയാണ്. ഭൂതകാലത്തിൽ, സ്വയം സൃഷ്ടിച്ച സാങ്കൽപിക ലോകത്താണ് അദ്ദേഹത്തിന്റെ ജീവിതം’ – കോൺഗ്രസ് വക്താവ് ആനന്ദ് ശർമ പറഞ്ഞു.

സ്വന്തം നേട്ടത്തിനു വേണ്ടി സർക്കാർ സംവിധാനങ്ങളെ മോദി വിദേശ യാത്രകളിൽ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ജനങ്ങളുടെ പണം കൊണ്ടു വിദേശത്തു മെഗാ ഷോകൾ സംഘടിപ്പിച്ച് സ്വയം ആളാകാനുള്ള ശ്രമമാണു മോദി നടത്തുന്നത്. യുഎസിലെ മാഡിസൺ സ്ക്വയറിലും ബ്രിട്ടനിൽ വെംബ്ലിയിലുമൊക്കെ നടത്തിയ ഷോകൾ ഉദാഹരണമാണ് ’– ശർമ പറഞ്ഞു.

മോദിയുടെ മസ്കത്തിലെ പരിപാടി വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒമാനിലെ ഇന്ത്യൻ അംബാസഡർ അവിടത്തെ ഇന്ത്യൻ വ്യവസായികൾക്ക് അയച്ചുവെന്ന പറയുന്ന കത്തിന്റെ കാര്യവും ശർമ ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരായ തൊഴിലാളികളെ പരിപാടിക്ക് അയയ്ക്കണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടത്.

related stories