ആധാറില്ലെങ്കിലും ആനുകൂല്യം നിഷേധിക്കരുതെന്ന് മന്ത്രി

ന്യൂഡൽഹി ∙ ആധാർ കാർഡ് ഇല്ലാത്തവരോട് ആധാർ സംഘടിപ്പിക്കണമെന്നു പറയാമെന്നല്ലാതെ അവർക്ക് ആനുകൂല്യം നിഷേധിക്കരുതെന്നു കേന്ദ്ര നിയമ, ഐടി മന്ത്രി രവിശങ്കർ പ്രസാദ്. ഇക്കാര്യം സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണം. റേഷൻകടകളിൽ പാവങ്ങൾക്കു സാങ്കേതിക കാരണത്താൽ റേഷൻ നിഷേധിക്കരുതെന്നും സംസ്ഥാന ഐടി മന്ത്രിമാരുടെ യോഗത്തിൽ പ്രസംഗിക്കവേ, മന്ത്രി പറഞ്ഞു. ഗുരുഗ്രാമിൽ ആധാർ കാർഡില്ലാതെ ചെന്ന ഗർഭിണിക്കു സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനാൽ ആശുപത്രിക്കു പുറത്തു പ്രസവിക്കേണ്ടിവന്നതു വാർത്തയായ പശ്ചാത്തലത്തിലാണു മന്ത്രിയുടെ നിർദേശം.