ഇന്ത്യൻ മുജാഹിദീൻ ഭീകരൻ ജുനൈദ് പിടിയിൽ

അറസ്റ്റിലായ ഇന്ത്യൻ മുജാഹിദീൻ ഭീകരൻ ആരിസ് ഖാനെ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകർക്കു മുന്നിൽ ഹാജരാക്കിയപ്പോൾ. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ ജാമിയ നഗറിലെ ബട്‍ല ഹൗസ് ഏറ്റുമുട്ടലിനിടെ കടന്നുകളഞ്ഞ ഇന്ത്യൻ മുജാഹിദീൻ ഭീകരൻ ആരിസ് ഖാനെ (ജുനൈദ്-32) ഉത്തരാഖണ്ഡിലെ നേപ്പാൾ അതിർത്തിയിൽനിന്നു ഡൽഹി പൊലീസ് പ്രത്യേക സംഘം പിടികൂടി. ഡൽഹി, വാരാണസി, ജയ്പുർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ബോംബ് സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനാണു ജുനൈദെന്നു പൊലീസ് പറഞ്ഞു.

ആരിസ് ഖാൻ

ഈ സ്ഫോടനങ്ങളിൽ 165 പേർ കൊല്ലപ്പെടുകയും 535 പേർക്കു പരുക്കേൽക്കുകയും ചെയ്തു. യുപിയിലെ അസംഗഡ് സ്വദേശിയായ ഇയാൾ, നിരോധിത സംഘടനകളായ സിമിയെയും ഇന്ത്യൻ മുജാഹിദീനെയും സജീവമാക്കാനുള്ള ശ്രമത്തിനിടെയാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു. 2008 സെപ്റ്റംബർ 19ലെ ബട്‍ല ഹൗസ് ഏറ്റുമുട്ടലിനുശേഷം നേപ്പാളിലാണ് ഒളിവിൽ താമസിച്ചത്.

വ്യാജരേഖകൾ ഉപയോഗിച്ചു സംഘടിപ്പിച്ച നേപ്പാൾ പാസ്പോർട്ടിൽ സൗദിയിലേക്കു പോയി. കഴിഞ്ഞ വർഷമാണു തിരിച്ചെത്തിയത്. ജുനൈദിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്കു 15 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ബട്‍ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ആത്തിഫ് അമീന്റെ ശിഷ്യനായാണ് ഇന്ത്യൻ മുജാഹിദീനിൽ എത്തിയത്. ബോംബ് നിർമാണവും അമീനാണു പഠിപ്പിച്ചത്. ഭീകരസംഘടനയുടെ അസംഗഡ് ഗ്രൂപ്പിന്റെ ഭാഗമായി മറ്റു 17 പേർക്കൊപ്പമാണു പ്രവർത്തിച്ചിരുന്നത്.