അഞ്ചുവർഷം ബാങ്കുകളെ തട്ടിച്ചത് 61,260 കോടി രൂപ: റിസർവ് ബാങ്ക്

മുംബൈ∙ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ കഴി‍ഞ്ഞ അഞ്ചു സാമ്പത്തിക വർഷങ്ങളിൽ ആകെ റജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പുകേസുകളുടെ എണ്ണം 8670. നടന്നത് 61,260‌ കോടി രൂപയുടെ തട്ടിപ്പ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു റിസർവ് ബാങ്ക് (ആർബിഐ) നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ. ഇതിൽ എത്ര തുക തിരിച്ചുപിടിക്കാനായി എന്ന് ആർബിഐ കൃത്യമായ മറുപടി നൽകിയില്ല.

17,634 കോടിയുടെ തട്ടിപ്പു കഴിഞ്ഞ സാമ്പത്തികവർഷം മാത്രമുണ്ടായതാണ്. അഞ്ചു വർഷത്തിനിടെ എസ്ബിഐയിൽ മാത്രം 1069 തട്ടിപ്പുകേസുകളുണ്ടായി. എത്ര തുകയാണ് എസ്ബിഐയിൽനിന്നു തട്ടിയെടുത്തതെന്നു വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇക്കാലയളവിൽ പിഎൻബിയിലുണ്ടായതുപോലെ വലിയ തുകയുടെ ക്രമക്കേടു നടന്നിട്ടില്ല. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണു വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ശേഖരിച്ചത്.