‘നീരവ് ചോക്സി’: കൗതുകമായി രവി സുബ്രഹ്മണ്യന്റെ പുസ്തകം

മുംബൈ∙ ‘ഇൻ ദ് നെയിം ഓഫ് ഗോഡ്’ എന്ന പുസ്തകത്തിന്റെ അടുത്ത പതിപ്പു പുറത്തിറങ്ങുമ്പോൾ രചയിതാവ് രവി സുബ്രഹ്മണ്യൻ അതിലൊരു മുൻകുറിപ്പു ചേർക്കാൻ ഇടയുണ്ട്– ഇതിലെ കഥാപാത്രങ്ങൾക്കു ചില ‘തട്ടിപ്പു’ പേരുകളുമായി സാദൃശ്യമുണ്ടോയെന്നു വായനക്കാർക്കു തോന്നിയാൽ അതു യാദൃച്ഛികം മാത്രം!

പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നുൾപ്പെടെ 11,400 കോടി രൂപയുടെ വായ്പയെടുത്തു വൻതട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതികളായ വജ്രവ്യവസായി നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്സി എന്നിവരുടെ പേരുകൾ ചേർത്തുണ്ടാക്കിയ നീരവ് ചോക്സിയാണു രവി സുബ്രഹ്മണ്യന്റെ കേന്ദ്രകഥാപാത്രം.

കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ആ പേരിലൊരു കഥാപാത്രം വന്നത് പിഎൻബി വായ്പാതട്ടിപ്പ് മുന്നേ അറിഞ്ഞിട്ടാണോ എന്നു ചോദിക്കുന്നവരോട് മുംബൈക്കാരൻ എഴുത്തുകാരന് ഇതേ പറയാനുളളൂ– ആഭരണവ്യാപാരിയായ നായകന് ഒരു ‘സ്റ്റൈലിഷ്’ പേരു വേണമായിരുന്നു. നീരവ് ചോക്സി അങ്ങനെ പിറന്നതാണ്. വായ്പാതട്ടിപ്പൊന്നും കഥയിലേ ഇല്ല. എല്ലാം ആകസ്മികം മാത്രം.