Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങളുടെ രാഷ്ട്രീയം ജനസേവനം: രജനി, കമൽ

kamal-rajnikanth

ചെന്നൈ ∙ തമിഴ് സിനിമയിലെ സൂപ്പർ താരങ്ങൾ രാഷ്ട്രീയത്തിൽ കൈകോർക്കുമോയെന്ന ചോദ്യങ്ങൾക്കിടെ കമൽ ഹാസൻ, രജനീകാന്തിനെ പോയസ് ഗാർഡനിലെ വീട്ടിൽ സന്ദർശിച്ചു. 20 മിനിറ്റ് കൂടിക്കാഴ്ചയ്ക്കുശേഷം കമലിന്റെ പ്രതികരണം ഇങ്ങനെ: ‘‘സന്ദർശനത്തിൽ രാഷ്ട്രീയമില്ല, സൗഹൃദം മാത്രം. മധുരയിലെ പാർട്ടിപ്രഖ്യാപന സമ്മേളനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. തീരുമാനമെടുക്കേണ്ടത് അദ്ദേഹം.’’ പിന്നാലെ രജനി പറഞ്ഞു: ‘‘സുഹൃത്തിന് എല്ലാ ആശംസകളും. പണവും പ്രശസ്തിയും മോഹിച്ചല്ല, ജനങ്ങളെ സേവിക്കാനുള്ള ആത്മാർഥമായ ആഗ്രഹംകൊണ്ടാണു ‍ഞങ്ങൾ രണ്ടുപേരും രാഷ്ട്രീയത്തിൽ വരുന്നത്. ഞങ്ങളുടെ സിനിമാവഴികൾ വ്യത്യസ്തമായിരുന്നു; രാഷ്ട്രീയത്തിലും അങ്ങനെയായിരിക്കും.’’

ബുധനാഴ്ച രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്താനിരിക്കെ കമൽ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. ഇതിന്റെ തുടർച്ചയായാണു രജനിയുമായുള്ള കൂടിക്കാഴ്ചയെന്ന് അദ്ദേഹത്തിനൊപ്പമുള്ളവർ പറയുന്നു. മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ടി.എൻ.ശേഷൻ, സിപിഐ നേതാവ് ആർ.നല്ലകണ്ണ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം കണ്ടിരുന്നു. ഇന്നലെ മാധ്യമപ്രവർത്തകരുമായി കമൽ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉച്ചയ്ക്കു രണ്ടരയോടെ പോയസ് ഗാർഡനിലെത്തി രജനിയെ കണ്ടത്. കൂടിക്കാഴ്ചയ്ക്കുശേഷം വീടിനു പുറത്തേക്കു കമലിനെ അനുഗമിച്ചാണു രജനി യാത്രയാക്കിയത്. ഇരുവരും ഒരുമിച്ചു മാധ്യമപ്രവ‍ർത്തകരെ കണ്ടില്ലെന്നതു ശ്രദ്ധേയമായി.

രാഷ്ട്രീയ പ്രവേശന തീരുമാനം ആദ്യം പ്രഖ്യാപിച്ചതു രജനീകാന്താണ്. തൊട്ടുപിന്നാലെ കമൽ ഹാസനും രംഗത്തെത്തി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും മൽസരിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും പാർട്ടി എന്നു പ്രഖ്യാപിക്കുമെന്നു രജനി വ്യക്തമാക്കിയിട്ടില്ല. അതേസമയം, 21നു പാർട്ടിയുടെ പേരും പതാകയുമുൾപ്പെടെ പ്രഖ്യാപിക്കാനിരിക്കുകയാണു കമൽ. തന്റേത് ആത്മീയ രാഷ്ട്രീയമാണെന്നു രജനി വ്യക്തമാക്കിയിട്ടുണ്ട്. നിരീശ്വരവാദിയായ കമൽ, രാഷ്ട്രീയത്തിൽ തന്റേതു മധ്യപാതയായിരിക്കുമെന്നു തുറന്നു പറഞ്ഞിട്ടുണ്ട്. കമൽ ബിജെപിയോട് അകലം പാലിക്കുമ്പോൾ, അവരുമായി ചേർന്നു നിൽക്കുന്ന നിലപാടാണ് ഇതുവരെ രജനി സ്വീകരിച്ചിരിക്കുന്നത്.

രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായി കാണുന്ന തമിഴകത്തു പുതിയ രാഷ്ട്രീയ സംസ്കാരം കൊണ്ടുവരാൻ രജനിക്കും കമലിനു കഴിയുമെന്ന വിലയിരുത്തലുമുണ്ട്. രാഷ്ട്രീയത്തിൽ ശക്തമായി വിയോജിക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം സാധ്യമാണെന്ന സന്ദേശമാണ് ഇരുവരും നൽകുന്നത്.

പിന്തുണ തേടി കരുണാനിധിക്ക് മുൻപിൽ കമൽ ഹാസൻ

രാഷ്ട്രീയ ദൗത്യത്തിനു പിന്തുണ തേടി കമൽ ഹാസൻ ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയെ സന്ദർശിച്ചു. ഗോപാലപുരത്തെ വീട്ടിൽ രാത്രി എട്ടരയോടെയായിരുന്നു കൂടിക്കാഴ്ച. 10 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിനും പങ്കെടുത്തു. എക്കാലവും ആദരിക്കുന്ന നേതാവാണു കലൈഞ്ജറെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയാണു വന്നതെന്നും കൂടിക്കാഴ്ചയ്ക്കുശേഷം കമൽ പറഞ്ഞു.

ഡിഎംകെയുമായി സഖ്യത്തിനു സാധ്യതയുണ്ടോയെന്ന ചോദ്യത്തിനു കമലിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഡിഎംകെയുടെ ആശയം എല്ലാവർക്കുമറിയാം. എന്റെ പാർട്ടിയുടെ ആശയങ്ങൾ പ്രഖ്യാപിച്ചശേഷം യോജിക്കാവുന്നതാണെങ്കിൽ അപ്പോൾ ആലോചിക്കാം.

കരുണാനിധിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന കമൽ ഹാസൻ, എൺപതുകളിൽ അദ്ദേഹം തന്നെ ഡിഎംകെയിൽ ചേരാൻ ക്ഷണിച്ചിരുന്നുവെന്നു വെളിപ്പെടുത്തിയിരുന്നു. തന്റെ രാഷ്ട്രീയം ദ്രാവിഡ ആശയം അടിസ്ഥാനമാക്കിയുള്ളതാകുമെന്നു സൂചനയും കൂടിക്കാഴ്ചയ്ക്കുശേഷം കമൽ നൽകി.

കമലിന് ആദ്യ ഔദ്യോഗിക ക്ഷണം സ്റ്റാലിന്റെ വക

രാഷ്ട്രീയക്കാരനെന്ന നിലയിൽ കമൽ ഹാസന് ആദ്യത്തെ ഔദ്യോഗിക ക്ഷണം ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ വക. കാവേരിനദീജല തർക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ചർച്ച ചെയ്യാൻ ഡിഎംകെ വിളിച്ചുചേർക്കുന്ന സർവകക്ഷി യോഗത്തിലേക്കു സ്റ്റാലിൻ, കമലിനെ ക്ഷണിച്ചു. എം.കരുണാനിധിയെ കാണാൻ എത്തിയപ്പോഴായിരുന്നു ക്ഷണം.

പങ്കെടുക്കാമെന്നു കമൽ ഉറപ്പു നൽകിയിട്ടുണ്ടെന്നു സ്റ്റാലിൻ അറിയിച്ചു. കാവേരി വിധി ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നു സ്റ്റാലിൻ നേരത്തേ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നു നടപടിയില്ലാത്തതിനാലാണു സർവകക്ഷി യോഗം വിളിക്കുന്നതെന്നു സ്റ്റാലിൻ പറഞ്ഞു. അണ്ണാ ഡിഎംകെ, ബിജെപി പ്രതിനിധികളെയും യോഗത്തിലേക്കു ക്ഷണിക്കുമെന്നു സ്റ്റാലിൻ പറഞ്ഞു.

related stories