മല്യ, മോദി: ചെലവ് വെളിപ്പെടുത്താതെ സിബിഐ

ന്യൂഡൽഹി ∙ കോടികൾ തട്ടിച്ചു രാജ്യം വിട്ട വിജയ് മല്യ, ലളിത് മോദി എന്നീ ബിസിനസ്സുകാരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇതുവരെ എത്ര രൂപ ചെലവഴിച്ചു എന്നു വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനു മറുപടി നൽകാതെ സിബിഐയുടെ ഉരുണ്ടുകളി. ഈ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ ആർടിഐ ആക്ട് പ്രകാരം തങ്ങൾക്ക് അവകാശമുണ്ടെന്നാണു സിബിഐ നൽകിയ മറുപടി. പുണെ ആസ്ഥാനമാക്കിയ വിവരാവകാശപ്രവർത്തകൻ വിഹാർ ധുർവെയാണു വിവരാവകാശ നിയമപ്രകാരം ചെലവു വിവരങ്ങൾ അന്വേഷിച്ചു സർക്കാരിനെ സമീപിച്ചത്.

കേന്ദ്ര ധനമന്ത്രാലയം ഇതു സിബിഐക്കു കൈമാറി. ആർടിഐ ആക്ട് 24–ാം വകുപ്പു പ്രകാരം ഇതു വെളിപ്പെടുത്താൻ ബാധ്യസ്ഥരല്ലെന്നാണു സിബിഐ നൽകിയിരിക്കുന്ന മറുപടി. ഇതേസമയം, അഴിമതി ആരോപണം, മനുഷ്യാവകാശ ലംഘനം എന്നിവ ബന്ധപ്പെട്ട കാര്യമാണെങ്കിൽ ഈ ഇളവ് അവകാശപ്പെടാനാവില്ലെന്ന് 24–ാം വകുപ്പുതന്നെ പറയുന്നുണ്ടെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.