ദോക്‌ ലാ: ആശങ്ക വേണ്ടെന്ന് കരസേനാ മേധാവി

ന്യൂഡൽഹി ∙ ദോക്‌ ലാ മേഖലയിൽ എല്ലാം നന്നായിരിക്കുന്നുവെന്നും ആശങ്കപ്പെടാനില്ലെന്നും കരസേനാ മേധാവി ബിപിൻ റാവത് അറിയിച്ചു. ചൈന വീണ്ടും അവിടെ പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു കരസേനാ മേധാവിയുടെ പ്രതികരണം.

ഇതേസമയം, കഴിഞ്ഞവർഷം ദോക് ‌ലായിൽ ചൈന നടത്തിയ നിർമാണ പ്രവർത്തനങ്ങൾ ആ മേഖലയിൽ സ്വാധീനമുറപ്പിക്കാനുള്ള അവരുടെ മനോഭാവമാണു വെളിവാക്കുന്നതെന്നു നാവിക മേധാവി അഡ്മിറൽ സുനിൽ ലാൻബ അഭിപ്രായപ്പെട്ടു. സിക്കിം അതിർത്തിയോടു ചേർന്ന ദോക് ലാ തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശമാണെന്നും അവിടെ നടത്തുന്ന നിർമാണപ്രവർത്തനങ്ങളെ ഇന്ത്യ ചോദ്യംചെയ്യേണ്ടതില്ലെന്നുമാണു ചൈനയുടെ നിലപാട്. ദോക് ‌ലായിൽ കഴിഞ്ഞ വർഷം ചൈന നടത്തിയ നിർമാണം ഇന്ത്യ തടഞ്ഞതു സംഘർഷാവസ്ഥയുണ്ടാക്കി.