അഴിമതിയില്ലാത്ത രാജ്യങ്ങളുടെ പട്ടിക: ഇന്ത്യ 81–ാം സ്ഥാനത്ത്

ന്യൂഡല്‍ഹി∙ അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 81–ാം സ്ഥാനത്ത്. 180 രാജ്യങ്ങളുടെ കഴിഞ്ഞ കൊല്ലത്തെ പ്രകടനം വിലയിരുത്തി ‘ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷനലാ’ണ് കണക്കു പ്രസിദ്ധീകരിച്ചത്. 2016ല്‍ 176 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 79–ാം സ്ഥാനത്തായിരുന്നു. പൂജ്യം മുതൽ 100 വരെ മാർക്ക് നല്‍കിയായിരുന്നു വിലയിരുത്തല്‍.

ഏറ്റവും ഭരണസുതാര്യതയുള്ള അഴിമതിരഹിത രാജ്യത്തിനാണു കൂടുതല്‍ മാര്‍ക്ക്. ന്യൂസീലൻഡും ഡെന്മാർക്കും യഥാക്രമം 89, 88 മാർക്ക് നേടി ഒന്നും രണ്ടും സ്ഥാനത്തെത്തി. സിറിയ, ദക്ഷിണ സുഡാൻ, സൊമാലിയ എന്നിവ 14, 12, 9 മാർക്ക് വീതം നേടി ഏറ്റവും പിന്നിലായി. ഇന്ത്യയ്ക്കു 40 മാര്‍ക്കുണ്ട്. കഴിഞ്ഞ കൊല്ലവും ഇതേ മാർക്കായിരുന്നു. 2015 ല്‍ 38 മാര്‍ക്കായിരുന്നുവെന്ന് ആശ്വസിക്കാം.

ചൈന വലിയ ഭേദമൊന്നുമല്ല. 41 മാർക്ക്. സ്ഥാനം 77. റഷ്യയുടെ മാർക്ക് 29. സ്ഥാനം 135. ബ്രസീൽ 96–ാം സ്ഥാനത്ത് (മാർക്ക് 37). ഏഷ്യ– പസഫിക് മേഖലയില്‍ ഇന്ത്യയുടെ പ്രകടനം വളരെ മോശമാണ്. പത്രപ്രവർത്തകരെയും നിയമപാലകരെയും ഭീഷണിപ്പെടുത്തുകയോ വധിക്കുകയോ ചെയ്യുന്ന ഏറ്റവും മോശം റാങ്കുകളുള്ള മൂന്നു രാജ്യങ്ങളുടെ പട്ടികയിലുണ്ട്. ഫിലിപ്പീൻസ്, മാലദ്വീപ് എന്നിവയാണ് ഒപ്പമുള്ളത്.

അഴിമതിക്കെതിരെ എഴുതിയ 15 പത്രപ്രവർത്തകരെങ്കിലും ആറു വർഷത്തിനിടയിൽ ഈ രാജ്യങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ലോകത്ത് ആകെ കൊല്ലപ്പെട്ട പത്രപ്രവർത്തകരിൽ 90 ശതമാനവും ഇന്ത്യ ഉൾപ്പെട്ട 45 മാർക്കിൽ താഴെ കിട്ടിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. പത്രസ്വാതന്ത്ര്യവും സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനവും തടസ്സപ്പെടുത്തുന്ന രാജ്യങ്ങളിലെല്ലാം അഴിമതി വര്‍ധിക്കുന്ന കാഴ്ചയാണെന്നാണു വിലയിരുത്തല്‍.