കരസേനാ മേധാവിയുടെ രാഷ്ട്രീയ പരാമർശം വിവാദമായി

ന്യൂഡൽഹി∙ വടക്കുകിഴക്കൻ മേഖലയിലെ ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് നടത്തിയ പരാമർശം വിവാദമായി. അസമിലെ വിവിധ ജില്ലകളിൽ മുസ്‌ലിം ജനസംഖ്യ ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പരാമർശിച്ച കരസേനാ മേധാവി, ബംഗ്ലദേശിൽനിന്നുള്ള കുടിയേറ്റങ്ങൾ ആസൂത്രിതമാണെന്ന് അഭിപ്രായപ്പെട്ടു. ഇത് അസമിലെ ജനസംഖ്യാഘടനയെ മാറ്റിയിട്ടുണ്ട്. ‘അസമിൽ എഐയുഡിഎഫ് എന്നൊരു സംഘടനയുണ്ട്. കഴിഞ്ഞവർഷങ്ങളിൽ അതു ബിജെപിയെക്കാൾ വേഗത്തിലാണു വളർന്നത്’– റാവത്ത് പറഞ്ഞു.

1984ൽ ബിജെപിക്കു കിട്ടിയതു രണ്ടു ലോക്‌സഭാ സീറ്റു മാത്രമായിരുന്നുവെന്നും ബുധനാഴ്ച ഡൽഹിയിൽ ഒരു സെമിനാറിൽ അദ്ദേഹം പറഞ്ഞു. ബദറുദ്ദീൻ അജ്‌മലിന്റെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) 2005ൽ ആണു രൂപംകൊണ്ടത്. മൂന്ന് എംപിമാരുള്ള സംഘടനയ്ക്ക് അസമിൽ 13 എംഎൽഎമാരുമുണ്ട്. ബംഗ്ലദേശിൽ നിന്നുള്ള കുടിയേറ്റം ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ നടത്തുന്ന ഒളിയുദ്ധമാണെന്നും കരസേനാ മേധാവി പറഞ്ഞു.

റാവത്തിന്റെ പരാമർശങ്ങൾ ഞെട്ടിക്കുന്നതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് എഐയുഡിഎഫ് അധ്യക്ഷൻ ബദറുദ്ദീൻ അജ്‌മൽ പ്രതികരിച്ചു. പരാമർശങ്ങൾക്കെതിരെ കോൺഗ്രസും ഇടതുപാർട്ടികളും അടക്കം പ്രതിപക്ഷവും രംഗത്തെത്തി. ബിജെപി റാവത്തിനെ പിന്തുണച്ചു. എന്നാൽ, ജനറൽ റാവത്തിന്റെ പരാമർശങ്ങളിൽ ‘രാഷ്ട്രീയമോ മതപരമോ’ ആയ ഒന്നുമില്ലെന്നാണു കരസേനാ വൃത്തങ്ങൾ നൽകിയ വിശദീകരണം.