സമൂഹത്തിന്റെ കരുത്ത് സ്ത്രീകൾ: ശ്രീ ശ്രീ രവിശങ്കർ

ബെംഗളൂരു കനക്പുര റോഡിലെ ആർട് ഓഫ് ലിവിങ് രാജ്യാന്തര കേന്ദ്രത്തിൽ രാജ്യാന്തര വനിതാ സമ്മേളനം ജീവനകലാചാര്യൻ ശ്രീശ്രീ രവിശങ്കർ ഉദ്ഘാടനം ചെയ്യുന്നു.

ബെംഗളൂരു∙ മനസ്സിൽ ശാന്തി നിലനിർത്തുന്ന സ്ത്രീകൾക്കു സമൂഹത്തിന് ഏറെ സംഭാവനകൾ ചെയ്യാനാകുമെന്നു ജീവനകലാചാര്യൻ ശ്രീശ്രീ രവിശങ്കർ. സ്ത്രീകളാണു സമൂഹത്തിന്റെ കരുത്ത്. അവർ കുടുംബത്തിനു സമാധാനം പകരുന്നതോടെ സമൂഹവും രാജ്യവും ശാന്തിയിലേക്കു നയിക്കപ്പെടും. ആർട് ഓഫ് ലിവിങ് രാജ്യാന്തര കേന്ദ്രത്തിൽ രാജ്യാന്തര വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലിംഗ അസമത്വങ്ങളെ അതിജീവിക്കാൻ ആത്മീയതയ്ക്കു കഴിയും. മത, ആത്മീയ സ്ഥാപനങ്ങളെ നയിക്കാൻ കൂടുതൽ സ്ത്രീകൾ മുന്നോട്ടുവരണമെന്നും ശ്രീശ്രീ പറഞ്ഞു. ഭരതനാട്യം ഗുരു പത്മ സുബ്രഹ്മണ്യം, മുൻകാല നടി ബി.സരോജാ ദേവി, ഗായിക അനുരാധ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ അരുന്ധതി ഭട്ടാചാര്യ തുടങ്ങി 15 പേർക്കു തന്റെ അമ്മയുടെ പേരിലുള്ള വിശാലാക്ഷി പുരസ്കാരം ശ്രീശ്രീ സമ്മാനിച്ചു.

നാരായണ ഹൃദയാലയ ആശുപത്രിയിലെ കാർഡിയാക് സർജൻ ഡോ. പി.വി റാവു, ഗായകൻ സായിറാം അയ്യർ തുടങ്ങി അഞ്ചു പേർ ആചാര്യ രത്നാനന്ദ് പുരസ്കാരവും ഏറ്റുവാങ്ങി.  60 രാജ്യങ്ങളിൽ നിന്നായി 250 പ്രതിനിധികളാണു പങ്കെടുക്കുന്നത്.