വീണ്ടും ബാങ്ക് തട്ടിപ്പ്; പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകനും പ്രതി

ന്യൂഡൽഹി ∙ ബാങ്ക് തട്ടിപ്പു നടത്തിയതിനു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മരുമകനെതിരെ സിബിഐ കേസ്. രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര മില്ലുകളിലൊന്നായ സിംബോലി ഷുഗേഴ്സ് ലിമിറ്റഡ് 97.85 കോടി രൂപ വായ്പ വെട്ടിച്ചെന്ന കേസിലാണു സ്ഥാപനത്തിന്റെ ഇതര മേധാവികൾക്കൊപ്പം അമരീന്ദറിന്റെ മരുമകനും മില്ലിന്റെ ഡപ്യൂട്ടി എംഡിയുമായ ഗുർപാൽ സിങ്ങും കുടുങ്ങിയത്. മിൽ ചെയർമാൻ ഗുർമീത് സിങ്, സിഇഒ ജി.എസ്.സി.റാവു, സിഎഫ്ഒ സഞ്ജയ് തപ്‌രിയ, എക്സിക്യൂട്ടീവ് ഡയറക്ടർ ഗുർസിമ്രൻ കൗർ മാൻ തുടങ്ങിയവരാണു പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ. ഡൽ‍ഹിയിലും യുപിയിലും മില്ലിന്റെ എട്ട് ഓഫിസുകളിൽ തിരച്ചിൽ നടത്തിയതായി സിബിഐ വക്താവ് അഭിഷേക് ദയാൽ പറഞ്ഞു.

ഇതേസമയം, ഈ കേസ് 2015ലെ കിട്ടാക്കടം ആണെന്നും ഇതു സംബന്ധിച്ച പരാതികൾ നേരത്തേ നൽകിയതാണെന്നുമാണ് ഓറിയന്റൽ ബാങ്ക് നൽകുന്ന വിശദീകരണം. കുടിശിക സംബന്ധിച്ച് 2015 സെപ്റ്റംബർ മൂന്നിനു സിബിഐക്കു പരാതി നൽകി. 2017 നവംബർ 17നു പുതുക്കിനൽകി. കുടിശികയായ 97.85 കോടി രൂപയുടെ വായ്പ, അതിന്റെ തിരിച്ചടവിനു വേണ്ടി പിന്നീടു വാങ്ങിയ 110 കോടി രൂപ വായ്പ എന്നിവയെക്കുറിച്ചാണ് അന്വേഷണം. കരിമ്പുകൃഷിക്കാർക്കു ധനസഹായം നൽകി അവരിൽനിന്ന് ഉൽപന്നം വാങ്ങാനുള്ള പദ്ധതിപ്രകാരമാണു മിൽ വായ്പയെടുത്തത്. എന്നാൽ, പണം വഴിതിരിച്ചുവിടുകയായിരുന്നെന്നു സിബിഐ കുറ്റപ്പെടുത്തി.

ബാങ്ക് തട്ടിപ്പുകളുടെ പേരിൽ എൻഡിഎ സർക്കാർ ആരോപണം നേരിടുമ്പോൾ മുതിർന്ന കോൺഗ്രസ് നേതാവിന്റെ ബന്ധുവിനെതിരെ സിബിഐ കേസെടുത്തതു കൗതുകമുണർത്തുന്നു. നീരവ് മോദിക്കും ചോക്സിക്കുമെതിരെ ദിവസവും പുതിയ തെളിവുകൾ പുറത്തുവിട്ടുകൊണ്ടിരുന്ന കോൺഗ്രസ്, ഇന്നലെ പതിവു മാധ്യമ സമ്മേളനം നടത്തിയില്ല.