ശ്രീ ശ്രീയുടെ കാർമികത്വത്തിൽ ട്രെയിനിൽവച്ചൊരു വിവാഹം

ട്രെയിനിൽ വിവാഹിതരായ സച്ചിനും ജ്യോത്സ്നയും. വിവാഹത്തിനു കാർമികത്വം വഹിച്ച് ശ്രീ ശ്രീ രവിശങ്കർ.

ന്യൂഡൽഹി∙ ആ ട്രെയിൻ ആഹ്ലാദത്തോടെ കൂകിപ്പാഞ്ഞു. പൂക്കൾകൊണ്ട് അലങ്കരിച്ച കംപാർട്മെന്റ്. ഗോരഖ്പുറിനും ലക്നൗവിനും ഇടയിൽ എവിടെയോ വച്ചു സച്ചിനും ജ്യോത്സ്നയും പരസ്പരം വരണമാല്യം ചാർത്തി! കാർമികത്വം വഹിച്ചതു ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറും. ആർഭാടമില്ല, ആഡംബരമില്ല. കണ്ടില്ലേ, ഇങ്ങനെയാണു വിവാഹങ്ങൾ നടത്തേണ്ടത് എന്നു പറഞ്ഞുള്ള ശ്രീ ശ്രീയുടെ വിഡിയോ സന്ദേശവും പുറത്തുവിട്ടിട്ടുണ്ട്.

യുപിയിൽ ജീവനകല പര്യടനത്തിനു പോകുന്ന വഴിയാണു ശ്രീ ശ്രീ സ്പെഷൽ ട്രെയിനിലെ കല്യാണം നടത്തിക്കൊടുത്തത്. വിവാഹധൂർത്ത് ഒഴിവാക്കാനുള്ള ആഹ്വാനമാണിതിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇത്തരമൊന്ന് ആദ്യമായിരിക്കാമെന്ന് ശ്രീ ശ്രീ അനുയായികൾ പറയുന്നു.

യുപി സ്വദേശിയായ സച്ചിൻ കുമാർ ഫാർമസിസ്റ്റാണ്. ജ്യോത്സ്ന സിങ് പട്ടേൽ കേന്ദ്രനികുതി വകുപ്പ് ഉദ്യോഗസ്ഥയും. കടം വാങ്ങിയ ലക്ഷങ്ങൾ പൊടിച്ചു കല്യാണങ്ങൾ നടത്തുന്നതു ഫാഷനായ ഇക്കാലത്തു സ്പെഷൽ ട്രെയിനിലൊരു കല്യാണം അൽപം ‘സ്പെഷൽ’ ആണെന്നു വിശ്വസിക്കുന്ന ഈ നവദമ്പതികൾക്കു ജീവിതയാത്രയ്ക്കായി ആശംസകൾ നേരാം.