ബിഹാർ: 4 നേതാക്കൾ കോൺഗ്രസ് വിട്ടു; നിതീഷിനൊപ്പമെന്നു പ്രഖ്യാപനം

പട്ന∙ ബിഹാറിൽ കോൺഗ്രസിനു തിരിച്ചടിയായി പ്രമുഖ നേതാക്കളുടെ രാജി. മുൻ സംസ്ഥാന അധ്യക്ഷൻ അശോക് ചൗധരി ഉൾപ്പെടെ നാലു നിയമ നിർമാണ കൗൺസിൽ അംഗങ്ങൾ കോൺഗ്രസിൽ നിന്നു രാജിവച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെഡിയുവിൽ ചേരുമെന്നാണ് ഇവരുടെ പ്രഖ്യാപനം.

ദിലീപ് കുമാർ ചൗധരി, റാം ചന്ദ്ര ഭാരതി, തൻവീർ അക്തർ എന്നിവരാണു രാജിവച്ച മറ്റ് എംഎൽസിമാർ. ഉപരിസഭയായ നിയമസഭാ കൗൺസിലിൽ കോൺഗ്രസിന് ആകെ ആറ് അംഗങ്ങളാണുള്ളത്. പ്രത്യേക ബ്ലോക്കായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടു നാലുപേരും നിയമസഭാ കൗൺസിൽ ഡപ്യൂട്ടി ചെയർമാൻ മുഹമ്മദ് ഹാരൂൺ റഷീദിനു കത്തു നൽകി. കൂടുതൽ നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ നിന്നു രാജിവയ്ക്കുമെന്ന് അശോക് ചൗധരി പറഞ്ഞു.

ബിഹാറിൽ കോൺഗ്രസിന് 27 എംഎൽഎമാരാണുളളത്. കൂറുമാറ്റ നിരോധന നിയമപ്രകാരം 18 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ നിയമസഭാ കക്ഷിയെ പിളർത്താൻ സാധിക്കൂ. ഇതിനുള്ള ശ്രമത്തിലാണ് ചൗധരി വിഭാഗം. ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി കഴിഞ്ഞ ദിവസം എൻഡിഎ വിട്ടു ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട മഹാസഖ്യത്തിൽ ചേരുകയാണെന്നു പ്രഖ്യാപിച്ചതു ബിജെപി സഖ്യത്തിനു തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണു നിതീഷ് കുമാർ കോൺഗ്രസിൽ വിള്ളൽ വീഴ്ത്തിയത്.