Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർഗീയത അംഗീകരിക്കാനാകില്ല: ബിജെപിക്കു മുന്നറിയിപ്പുമായി നിതീഷ് കുമാർ

nitish-kumar നിതീഷ് കുമാർ

പട്ന∙ ബിഹാർ ഉപതിരഞ്ഞെടുപ്പിലെ ആർജെ‍‍ഡി വിജയത്തെച്ചൊല്ലി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ വിവാദമായ ‘വർഗീയ’ പ്രസ്താവനയ്ക്കു പിന്നാലെ ബിജെപി – ജെഡിയു സഖ്യത്തിന്റെ നിലനിൽപ്പിനു ഭീഷണിയായ പ്രസ്താവനയുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. വർഗീയത അനുവദിക്കാനാകില്ലെന്ന് സ്പഷ്ടമായി നിതീഷ് കുമാർ വ്യക്തമാക്കി.

‘അഴിമതിയോട് താൻ സന്ധി ചെയ്തിട്ടില്ല, സമൂഹത്തെ വിഭജിക്കുന്നവരോടു സന്ധി ചെയ്യുകയുമില്ല. സാമൂഹിക സമാധാനത്തിനു വേണ്ടിയാണു പ്രവർത്തിക്കുന്നത്. സ്നേഹത്തിന്റെയും അനുകമ്പയുടെയും മതമൈത്രിയുടെയും അടിസ്ഥാനത്തിലായിരിക്കും ഈ രാജ്യം മുന്നോട്ടുപോകുകയെന്നു ഞാൻ വ്യക്തമായി പറയുന്നു’- നിതീഷ് കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം എൻഡിഎ സഖ്യകക്ഷിയായ എൽജെപിയുടെ നേതാവ് റാംവിലാസ് പാസ്വാനും ബിജെപിയെ ‘ഉപദേശിച്ച്’ രംഗത്തെത്തിയിരുന്നു. ദലിതർക്കും ന്യൂനപക്ഷങ്ങൾക്കുമിടയിലെ മോശം പ്രതിച്ഛായ മാറ്റിയെടുക്കാൻ ബിജെപി ശ്രമിക്കണമെന്നാണ് പാസ്വാൻ ‘ഉപദേശിച്ചത്’. പാസ്വാനെ പിന്തുണച്ചാണു നിതീഷ് സംസാരിച്ചത്. ‘വളരെ നാളുകളായി പസ്വാനെ അറിയാം, മനസ്സിൽതട്ടാതെ അദ്ദേഹം ഒരു കാര്യത്തിലും പ്രതികരിക്കാറില്ല.’ – നിതീഷ് കുമാർ വ്യക്തമാക്കി.

വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, അശ്വിനി ചൗബെ എന്നിവർക്കെതിരെ സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷം ഒരു ദിവസം നീളുന്ന പ്രതിഷേധം നടത്തിയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നിതീഷ് കുമാറിന്റെ പ്രസ്താവന.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കാൻ ബിജെപി സംസ്ഥാന ഘടകം വിസമ്മതിച്ചു.

വിവാദങ്ങളിങ്ങനെ:

ലാലു പ്രസാദ് യാദവിന്റെ ആർജെ‍ഡി അരാരിയ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് ഗിരിരാജ് സിങ് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. കൊട്ടിഘോഷിച്ചുള്ള പ്രചാരണം നടത്തിയെങ്കിലും ബിജെപി അവിടെ പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അവിടം ‘ഭീകരതയുടെ ഹബ്’ ആയി മാറിയെന്നായിരുന്നു സിങ്ങിന്റെ പ്രസ്താവന. ഇതു വൻവിവാദമായി മാറി. പിന്നീട് ദർഭംഗയിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ മുദ്രാവാക്യം വിളിക്കാൻ സിങ് ജനക്കൂട്ടത്തോട് ആവശ്യപ്പെടുന്ന വിഡിയോയും പുറത്തുവന്നിരുന്നു. വസ്തുത്തർക്കത്തിലാണ് അയാൾ കൊല്ലപ്പെട്ടതെന്നു പൊലീസ് വിശദീകരിക്കുമ്പോഴും മേഖലയിലെ ഒരു കവലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിനെത്തുടർന്നാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന വാദമാണ് സിങ് ഉയർത്തിയത്. ഇതും വൻ വിവാദമായി.

ഭഗൽപുരിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി അശ്വിനി ചൗബെയുടെ മകൻ അരിജിത് ശാശ്വത് സംഘപരിവാർ പ്രവർത്തകരുമായി നടത്തിയ ജാഥയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളികൾ നടത്തിയതിനെത്തുടർന്ന് സംഘർഷം ഉണ്ടായിരുന്നു. ഈ സംഭവത്തിൽ അരിജിത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ സംഭവവും വിവാദമായി.

അതേസമയം, ബിഹാറിന് പ്രത്യേക സംസ്ഥാനമെന്ന പദവി വേണമെന്ന നിലപാടിൽനിന്നു പിന്നാക്കം പോയിട്ടില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി. ടി‍ഡിപി ഇപ്പോഴാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. എന്നാൽ ഞങ്ങൾ നേരത്തേതൊട്ടേ ഉന്നയിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.

related stories