യുഎസ് കോടതിയിൽ നീരവ് മോദിക്ക് അനുകൂല വിധി; കടം തിരിച്ചുപിടിക്കുന്നതു വിലക്കി

വാഷിങ്ടൻ∙ പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ചു നാടുവിട്ട രത്നവ്യാപാരി നീരവ് മോദിക്കു യുഎസ് കോടതിയിൽ നിന്ന് ആശ്വാസ വിധി. മോദിയുടെ ഉടമസ്ഥതയിലുള്ള ഫയർ സ്റ്റാർ ഡയമണ്ട് കമ്പനിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പേരിൽ നൽകിയ പാപ്പർ ഹർജിയിലാണ് അനുകൂലമായ ഇടക്കാല ഉത്തരവുണ്ടായത്. ഈ സ്ഥാപനങ്ങളിൽ നിന്നു പണം കിട്ടാനുള്ളവർ അതു തിരികെ കിട്ടാൻ നടപടിയെടുക്കുന്നതു കോടതി വിലക്കി.

ഇതനുസരിച്ചു കത്തു മുഖേനയോ ഫോൺ മുഖേനയോ മറ്റേതെങ്കിലും വിധത്തിലോ പണം ആവശ്യപ്പെടാൻ കഴിയില്ല. പണം ഈടാക്കുന്നതിനായി കേസ് നൽകാനോ വസ്തുവകകൾ വീണ്ടെടുക്കാനോ കഴിയില്ല. അങ്ങനെ ശ്രമിച്ചാൽ അവർക്കു പിഴയിടും. ഇതിനിടെ, മോദി അമേരിക്കയിലുണ്ടെന്ന വാർത്ത ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും അതു സ്ഥിരീകരിക്കുവാനോ നിഷേധിക്കുവാനോ യുഎസ് സർക്കാർ ഇതുവരെ തയാറായിട്ടില്ല.