Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഗാലാൻഡ് ബിജെപി സഖ്യം മണിപ്പുർ സഖ്യത്തിനു ഭീഷണി

T.R. Zeliang ടി.ആർ. സെലിയാങ്

കൊഹിമ∙ മുഖ്യമന്ത്രി ടി.ആർ.സെലിയാങ് തൽസ്ഥാനത്തുനിന്നു രാജിവയ്ക്കാൻ വിസമ്മതിച്ചതോടെ നാഗാലാൻഡിൽ അപ്രതീക്ഷിതമായ രാഷ്ട്രീയ പ്രതിസന്ധി. ഇതിനിടെ, നാഗാലാൻഡിൽ മന്ത്രിസഭയുണ്ടാക്കാൻ ബിജെപി പിന്തുണച്ചില്ലെങ്കിൽ മണിപ്പുർ മന്ത്രിസഭയിൽ നിന്നു പിന്മാറുമെന്നു ബിജെപിയുടെ സഖ്യകക്ഷികളായ നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ടും (എൻപിഎഫ്) നാഷനൽ പീപ്പിൾസ് പാർട്ടിയും (എൻപിപി) മുന്നറിയിപ്പു നൽകുകയും ചെയ്തു.

നാഗാലാൻഡിൽ ഏറ്റവും വലിയ കക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ടിനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കണമെന്നതാണ് മുഖ്യമന്ത്രി സെലിയാങ്ങിന്റെ ആവശ്യം. അതോടൊപ്പം ഇവിടെ മന്ത്രിസഭ രൂപീകരിക്കാൻ പിന്തുണ ആവശ്യപ്പെട്ടു ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് എൻപിഎഫും എൻപിപിയും കത്തെഴുതുകയും ചെയ്തു. ബിജെപിയുടെ നേതൃത്വത്തിലുള്ള മണിപ്പുർ മന്ത്രിസഭയിലെ തങ്ങളുടെ പങ്കാളിത്തം ഓർമിപ്പിച്ചുകൊണ്ടാണു കത്ത്. മണിപ്പുരിൽ എൻപിഎഫും എൻപിപിയും പിന്മാറിയാലും ബിജെപിക്ക് ഒരംഗത്തിന്റെ ഭൂരിപക്ഷമുണ്ട്. ഈ കക്ഷികൾ പിന്മാറില്ലെന്നാണു ബിജെപിയുടെ പ്രതീക്ഷ.

ഇതിനിടെ, എൻപിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. നാഗാലാൻഡിൽ എൻഡിപിപിയുമായി ചേർന്നു തന്നെ സർക്കാർ രൂപീകരിക്കുമെന്നും ബിജെപി വ്യക്തമാക്കി. നാഗാലാൻഡ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) ഗവർണർ പി.ബി.ആചാര്യയെ കഴിഞ്ഞ ദിവസം കണ്ട് അവകാശം ഉന്നയിച്ചിരുന്നു. 32 എംഎൽഎമാരുടെ ഒപ്പു ശേഖരിച്ചു പിന്തുണ തെളിയിക്കാൻ എൻഡിപിപി നേതാവ് നെഫ്യു റിയോ തയാറെടുക്കുന്നതിനിടെയാണു പുതിയ സംഭവവികാസം. എൻപിപിയുമായും എൻപിഎഫുമായും സഖ്യത്തിലായിരുന്ന ബിജെപിയെ വിഷമവൃത്തത്തിലാക്കുന്നതാണ് ഇത്.

സ്ഥാനമൊഴിയുന്ന എൻപിഎഫ് സർക്കാരിൽ ഉണ്ടായിരുന്ന ബിജെപി ആ കൂട്ടുകെട്ടു വിടാതെ തന്നെ എൻഡിപിപിയുമായി തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുകയായിരുന്നു. മുൻപ് ഒരു സീറ്റ് ഉണ്ടായിരുന്ന പാർട്ടിക്ക് ഇത്തവണ 12 സീറ്റാണു ലഭിച്ചത്. ഏറ്റവും വലിയ കക്ഷിയായ എൻപിഎഫ് (27) എൻപിപിയുമായി (2) കൂട്ടുകൂടിയാലും മന്ത്രിസഭ ഉണ്ടാക്കാനാവില്ല. ഇതേസമയം 18 സീറ്റുള്ള എൻഡിപിപിക്ക് ജെഡിയു (1), ബിജെപി (12), സ്വതന്ത്രൻ എന്നിവരുടെ പിന്തുണയോടെ ഭരണത്തിലേറാൻ കഴിയും.