ഞാൻ പെട്ടുപോയി: പിഎൻബി കേസിൽ അറസ്റ്റിലായ മലയാളി

ശിവരാമൻ നായർ

മുംബൈ∙ താൻ കേസിൽ പെട്ടുപോയതാണെന്നും കമ്പനിക്കായി രേഖകളിൽ ഒപ്പുവച്ചതിന്റെ പേരിൽ ബലിയാടായതാണെന്നും പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പുകേസിൽ അറസ്റ്റിലായ ഒറ്റപ്പാലം സ്വദേശി അനിയത്ത് ശിവരാമൻ നായർ. വ്യക്തിപരമായി അഴിമതി നടത്തിയിട്ടില്ല. ബാങ്ക് വായ്പയെടുത്താണു ഫ്ലാറ്റ് പോലും വാങ്ങിയതെന്നും കോടതി വരാന്തയിൽവച്ചു ശിവരാമൻ നായർ ‘മനോരമ’യോടു പറഞ്ഞു.

കേസിൽ ഞായറാഴ്ച അറസ്റ്റിലായ നാലു പേരെയും കോടതി ഇൗ മാസം 17 വരെ സിബിഐ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നീരവ് മോദിയുടെ അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുൽ ചോക്സിയുടെ കീഴിലുള്ള ഗില്ലി ഇന്ത്യ ലിമിറ്റഡ് ഉൾപ്പെടെ 20 കമ്പനികളുടെ ഡയറക്ടറാണു ശിവരാമൻ നായരെന്നും വിശദമായ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്നും സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിദേശത്തുനിന്നു ഹ്രസ്വകാല വായ്പയ്ക്കു ലെറ്റർ ഓഫ് അണ്ടർടേക്കിങ്, ലെറ്റർ ഓഫ് ക്രെഡിറ്റ് എന്നിവ അനുവദിക്കാൻ പിഎൻബിക്കു സമർപ്പിച്ച വിവിധ അപേക്ഷകളിൽ കമ്പനിക്കുവേണ്ടി ഒപ്പുവച്ചതു ശിവരാമൻ നായരാണ്.

നീരവ് മോദിയുടെ ഫയർ സ്റ്റാർ കമ്പനിയുടെ ഓപ്പറേഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജർ മനീഷ് ബൊസമാനിയ, ഫിനാൻസ് മാനേജർ മിതേൻ അനിൽ പാണ്ഡ്യ, ഓഡിറ്ററും സമ്പത്ത് ആൻഡ് മേത്ത എന്ന ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനത്തിന്റെ സഹ ഉടമസ്ഥനുമായ സഞ്ജയ് റാംബിയ എന്നിവരാണു റിമാൻഡ് ചെയ്യപ്പെട്ട മറ്റുള്ളവർ. കേസിൽ നേരത്തെ അറസ്റ്റിലായ വിപുൽ അംബാനി ഉൾപ്പെടെ ആറു പേരെ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവർക്കു ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാം. ഫയർ സ്റ്റാറിന്റെ ഫിനാൻസ് വിഭാഗം പ്രസിഡന്റായ വിപുൽ അംബാനി റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപക ചെയർമാൻ ധിരുഭായ് അംബാനിയുടെ അനുജന്റെ മകനാണ്.