പിഎൻബി: ഐസിഐസിഐ,ആക്സിസ് ബാങ്ക് മേധാവികൾക്ക് സമൻസ്

ചന്ദ കൊച്ചാർ, ശിഖ ശർമ, വിപുൽ ചിതലിയ

മുംബൈ ∙ പഞ്ചാബ് നാഷനൽ ബാങ്ക് വായ്പത്തട്ടിപ്പു കേസിൽ അന്വേഷണം മറ്റു ബാങ്കുകളുടെ മേധാവികളിലേക്കും നീളു ന്നു. ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) ഇന്നലെ ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ചന്ദ കൊച്ചാർ, ആക്‌സിസ് ബാങ്ക് മാനേജിങ് ഡയറക്ടർ ശിഖ ശർമ എന്നിവർക്കു സമൻസ് അയച്ചു.

പിഎൻബി കേസിൽ ഉൾപ്പെട്ട മെഹുൽ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിനു 31 ബാങ്കുകൾ ഉൾപ്പെടുന്ന കൺസോർഷ്യം നൽകിയ 5280 കോടി രൂപയുടെ വായ്പയിലാണു പുതിയ അന്വേഷണം. ഐസിഐസിഐ ബാങ്ക് മാത്രം 405 കോടി രൂപ നൽകിയിട്ടുണ്ട്. സിബിഐക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും പുറമെ എസ്എഫ്‌ഐഒയും പിഎൻബി കേസിൽ അന്വേഷണം നടത്തുന്നുണ്ട്.

അതിനിടെ, ഗീതാഞ്ജലി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് വിപുൽ ചിതലിയയെ സിബിഐ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 17 വരെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തൊൻപതായി. നീരവ് മോദിയുടെയും ചോക്‌സിയുടെയും സ്ഥാപനങ്ങളുമായി ഇടപാട് നടത്തിയ 31 ബാങ്കുകളുടെ തലപ്പത്തുള്ളവരോട് എസ്എഫ്ഐഒ ഹാജരാകാൻ നിർദേശിച്ചതായും അറിയുന്നു. ആക്‌സിസ് ബാങ്ക് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ വി.ശ്രീനിവാസനും ബാങ്കിന്റെ ട്രേഡ് ആൻഡ് ട്രാൻസാക്‌ഷൻസ് വിഭാഗം ഉദ്യോഗസ്ഥരും എസ്എഫ്‌ഐഒയിൽ ഹാജരായി.