‘നീറ്റി’ന് ആധാർ വേണ്ട

ന്യൂഡൽഹി ∙ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പരീക്ഷകൾക്കു റജിസ്റ്റർ ചെയ്യാൻ ആധാർ നമ്പർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വിദ്യാർഥികൾക്കു പാസ്പോർട്ട്, റേഷൻ കാർഡ്, വോട്ടർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങിയവ തിരിച്ചറിയൽ രേഖകളായി ഉപയോഗിക്കാം. 

നീറ്റ് പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമല്ലെന്നു വെബ്സൈറ്റിൽ വ്യക്തമാക്കണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സിബിഎസ്ഇയോടു നിർദേശിച്ചു. 

നിലവിലെ സ്ഥിതിയിൽ, വിവിധ ആനുകൂല്യങ്ങൾക്കും ബാങ്ക് അക്കൗണ്ടിനും മറ്റും ആധാർ നമ്പർ ലഭ്യമാക്കാനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കും. എന്നാൽ, ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ 31 നകം വിധി പറയുക സാധ്യമാവില്ലെന്നും അതിനാൽ സമയപരിധി സംബന്ധിച്ച അനിശ്ചിതത്വം നീക്കാൻ ഇടക്കാല ഉത്തരവു നൽകിയേക്കുമെന്നും കോടതി സൂചിപ്പിച്ചു.