വിവാദപ്രസംഗം: കശ്മീർ ധനമന്ത്രിയുടെ കസേര തെറിച്ചു

ശ്രീനഗർ∙ പാർട്ടി നിലപാടിനു വിരുദ്ധമായി കശ്മീർ പ്രശ്നം രാഷ്ട്രീയവിഷയമല്ലെന്നു പ്രസംഗിച്ച ജമ്മു കശ്മീർ ധനമന്ത്രി ഹസീബ് ദ്രാബുവിന്റെ കസേര തെറിച്ചു. ദ്രാബുവിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെ, മന്ത്രിസഭയിൽനിന്ന് നീക്കാൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഗവർണറോട് അനുമതി തേടി.

കശ്മീരിൽ പിഡിപി – ബിജെപി സഖ്യം രൂപപ്പെടുത്താൻ ഏറ്റവുമധികം പരിശ്രമിച്ചവരിൽ ഒരാളാണ് അൻപത്തേഴുകാരനായ ദ്രാബു. മുൻപ് മുഫ്തി മുഹമ്മദ് സയീദിന്റെ കാലത്തും പിന്നീടു മെഹബൂബ മുഖ്യമന്ത്രി സ്ഥാനമേറ്റപ്പോഴും പിഡിപിയെ ബിജെപിയുമായി അടുപ്പിച്ചതു ദ്രാബുവായിരുന്നു.

ന്യൂഡൽഹിയിലെ യോഗത്തിൽ ദ്രാബു നടത്തിയ പരാമർശം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണു വിവാദമായത്. ധനവകുപ്പ് തൽക്കാലം മുഖ്യമന്ത്രി ഏറ്റെടുത്തേക്കും.