ആധാർ ആപ്പും സുരക്ഷിതമല്ല; ഒരു മിനിറ്റിൽ പാസ്‌വേഡ് മറികടക്കാമെന്ന് ഫ്രഞ്ച് സൈബർ വിദഗ്ധൻ

ന്യൂഡൽഹി∙ ഒറ്റദിവസം കൊണ്ട് ഇരുപതിനായിരത്തിലേറെ ആധാർ കാർഡ് വിവരങ്ങൾ ചോർത്തി ആധാർ വെബ്സൈറ്റിലെ സുരക്ഷാ വീഴ്ച തുറന്നുകാട്ടിയ ഫ്രഞ്ച് സൈബർ വിദഗ്ധൻ ആധാർ മൊബൈൽ ആപ്പിനെതിരെയും രംഗത്ത്. ഒരു മിനിറ്റ് കൊണ്ടു ആപ്പിന്റെ ആൻഡ്രോയ്ഡ് വേർഷനിൽ പാസ്‌േവഡ് സുരക്ഷ മറികടക്കാനാകുമെന്നായിരുന്നു ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ.

ഫോൺ ലഭിച്ചാൽ വളരെ ലളിതമായി ആപ്പിലെ പാസ്‌വേഡ് സംവിധാനം മറികടക്കാമെന്നും ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിൽ പോലും ഇതു സാധ്യമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആന്ധ്രാ സർക്കാരിന്റെ വെബ്സൈറ്റിലെ യുആർഎൽ വിവരങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ നൽകിയാണ് ആധാർ, ബയോമെട്രിക് വിവരങ്ങൾ ലഭ്യമാണെന്ന വിവരം പങ്കുവച്ചത്. ട്വിറ്റർ സന്ദേശം പുറത്തുവന്നതോടെ വെബ്സൈറ്റ് സർക്കാർ മരവിപ്പിച്ചു. എലിയറ്റ് ആൽഡേഴ്സൺ എന്ന പേര് സമൂഹ മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഇദ്ദേഹത്തിന്റെ ശരിയായ പേര് ബാസ്റ്റിസ്റ്റെ റോബർട്ട് എന്നാണെന്നു ഇംഗ്ലിഷ് മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ ഫോണിലോ ക്യാമറയിലോ വരാൻ തയാറല്ലാത്ത ഇദ്ദേഹം മറുപടികൾ എഴുതി നൽകുകയായിരുന്നു. ഗൂഗിളിലെ ലളിതമായ ടൂളുകൾ ഉപയോഗിച്ച് ആധാർ കാർഡ് ചോർത്താനാകുമെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ ആധാർ അതോറിറ്റി (യുഐഡിഎഐ) ഇതു നിഷേധിച്ചു. ആധാർ വിവരങ്ങൾ മാത്രം ലഭിച്ചതു കൊണ്ട് ദുരുപയോഗം നടക്കില്ലെന്നും ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം കൂടി ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു അതോറിറ്റിയുടെ വിശദീകരണം.