കവലയ്ക്ക് മോദിയുടെ പേരിട്ടു; എഴുപതുകാരന്റെ തലവെട്ടി

പട്ന ∙ നാൽക്കവലയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിന്റെ പേരിൽ നടന്ന തർക്കത്തിനൊടുവിൽ എഴുപതുകാരന്റെ കഴുത്തറുത്തു. ദർഭംഗ ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ സംഘർഷമാണു ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. ബേഹള പഞ്ചായത്തിലെ ബിജെപി നേതാവായ തേജ് നാരായൺ യാദവിന്റെ അച്ഛനായ രാംചന്ദ്ര യാദവിനെ ഹോക്കിസ്റ്റിക്കും വാളുമായി ബൈക്കുകളിലെത്തിയ അൻപതോളം പേർ ചേർന്നു കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു മകന്റെ മുന്നിൽവച്ചായിരുന്നു കഴുത്തറക്കൽ. നാലുപേർ അറസ്റ്റിലായിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ കരുത്തുകാട്ടാൻ ശ്രമിച്ച ആർജെഡി അനുയായികളാണു കൊലപാതകത്തിനു പിന്നിലെന്നു തേജ് നാരായൺ ആരോപിച്ചു. മോദി ചൗക്കിൽ മോദിയുടെ ചിത്രം വച്ചതിനു തന്റെ സഹോദരൻ രണ്ടുവർഷം മുൻപു കൊല്ലപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. 2016 ഡിസംബറിൽ, ബിജെപി നേതാവായ തേജ് നാരായൺ ദർഭംഗയിലെ ഭാദ്‌വ ചൗക്കിന്റെ പേരുമാറ്റി പ്രധാനമന്ത്രി മോദിയുടെ പേരിട്ടിരുന്നു. മോദി ചൗക്ക് എന്ന പേരുമാറ്റി കവലയ്ക്ക് ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ പേരിടണമെന്ന വാദവുമായി മറ്റൊരുകൂട്ടർ പിന്നാലെ രംഗത്തെത്തി. വ്യാഴാഴ്ച ഇതെക്കുറിച്ചു തർക്കമുണ്ടായപ്പോൾ ആൾക്കൂട്ടത്തോടു കാര്യങ്ങൾ വിശദീകരിക്കാൻ ചെന്നതായിരുന്നു രാംചന്ദ്ര യാദവ്.