മല്യയ്ക്കു വായ്പ: ബാങ്കുകൾ വഴിവിട്ടു പ്രവർത്തിച്ചെന്ന് ബ്രിട്ടിഷ് ജഡ്ജി

ലണ്ടൻ ∙ ഇന്ത്യയിലെ ബാങ്കുകൾ മാനദണ്ഡങ്ങൾ ലംഘിച്ചാണു മദ്യവ്യവസായി വിജയ് മല്യയ്ക്കു വായ്പകൾ അനുവദിച്ചതെന്നതു പ്രകടമാണെന്ന് ബ്രിട്ടിഷ് ജഡ്ജി എമ്മ ആർബുത്‍നോട്. വായ്പക്കുടിശിക കേസിൽ മല്യയെ ഇന്ത്യയ്ക്കു വിട്ടുനൽകണമെന്ന അപേക്ഷയിൽ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട്സ് കോടതിയിൽ വാദം കേൾക്കുന്നതിനിടെ ആയിരുന്നു ജഡ്ജിയുടെ പരാമർശം. കേസിൽ വാദം പൂർത്തിയായി.

സങ്കീർണമായ പദപ്രശ്നം പോലെയാണ് ഈ കേസെന്നും ഒട്ടേറെ തെളിവുകൾ കൂട്ടിച്ചേർത്തു വ്യക്തമായ ധാരണയിലെത്തുക പ്രയാസമാണെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. എന്നാൽ, കാര്യങ്ങൾ വ്യക്തമായി വരുന്നുണ്ടെന്നും അവർ പറഞ്ഞു. മല്യയുടെ വായ്പകൾ സംബന്ധിച്ച ചില രേഖകൾ കൂടി ലഭ്യമാക്കാൻ ജഡ്ജി ഇന്ത്യയ്ക്കു വേണ്ടി കേസ് വാദിക്കുന്ന ക്രൗൺ പ്രോസിക്യൂഷൻ സർവീസിനോട് ആവശ്യപ്പെട്ടു. രേഖകൾ പരിശോധിച്ചശേഷം ഏപ്രിൽ 27നു കോടതി തീരുമാനമെടുക്കും.