Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായ്പത്തട്ടിപ്പ്: കാനറ ബാങ്ക് മുൻ മേധാവിയും പ്രതി

ന്യൂഡൽഹി ∙ വായ്പത്തട്ടിപ്പു കേസിൽ കാനറ ബാങ്ക് മുൻ മേധാവിയടക്കമുള്ള ഉന്നതോദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം. ആഭരണവ്യാപാരം നടത്തുന്ന ഒക്കേഷൻ സിൽവർ എന്ന കമ്പനിക്കു 2013ൽ വായ്പ നൽകി ബാങ്കിന് 68 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണു കേസ്. വ്യാജ കമ്പനികളുടേതായി വ്യാജ ഇടപാടുകൾ കാണിച്ചു പണം തട്ടിയെടുക്കാൻ ബാങ്ക് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായാണു കണ്ടെത്തിയിട്ടുള്ളത്.

അന്നത്തെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആർ.കെ.ദുബെ, ഡപ്യൂട്ടി ജനറൽ മാനേജർ മുകേഷ് മഹാജൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ അശോക് കുമാർ ഗുപ്ത, വി.എസ്.കൃഷ്‌ണകുമാർ, ചീഫ് ജനറൽ മാനേജർ ടി.ശ്രീകാന്തൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ഉപേന്ദ്ര ദുബെ, കമ്പനി ഡയറക്ടർമാരായ കപിൽ ഗുപ്ത, രാജ്കുമാർ ഗുപ്ത എന്നിവരാണു പ്രതികൾ. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, അഴിമതി തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്.