വിമാന യാത്രക്കൂലി മാതൃകയിൽ ട്രെയിൻ ‌ചാർജും: ശുപാർശ തള്ളി

ന്യൂഡൽഹി ∙ വിമാന യാത്രാനിരക്കു നിശ്ചയിക്കുന്നതുപോലെ റെയിൽവേയിലും യാത്രാനിരക്കു നിശ്ച‌യിക്കണമെന്ന ശുപാർശ സർക്കാർ തള്ളി. റെയിൽവേ ഏർപ്പെടുത്തിയ ഫ്ളെക്സി യാത്രാനിരക്കു പുനഃപരിശോധിക്കാൻ നിയോഗിച്ച സമിതിയാണ് ഇങ്ങനെ നിർദേശം നൽകിയത്. ശുപാർശ വീണ്ടും വിലയിരുത്താൻ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ സമിതിക്കു നിർദേശം നൽകി. 

നിലവിലുള്ള ഫ്ളെക്സി സമ്പ്രദായം ഗുണകരമാണെന്നാണു കണ്ടെത്തിയിട്ടുള്ളത്. രാജധാനി, തുരന്തോ, ശതാബ്ദി പോലെ ഫ്ളെക്സി സമ്പ്രദായം ബാധകമായ ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ട്. 

പഴയ രീതിപ്രകാരം 2015–16ൽ 1931.60 കോടി രൂപയും ഫ്ളെക്സി ഏർപ്പെടുത്തിയശേഷം 2016–17ൽ 2192.24 കോടിയും 2017–18ൽ (ഫെബ്രുവരി വരെ) 2296.75 കോടിയും വരുമാനം ലഭിച്ചു. 

ഫ്ളെക്സി സമ്പ്രദായമനുസരിച്ച് ഓരോ പത്തു ശതമാനം ബെർത്തുകൾ ബുക്ക് ചെയ്തു പോകുമ്പോഴും ടിക്കറ്റ് ചാർജിൽ 10 മുതൽ 50 വരെ ശതമാനം വർധനയാണു വരുക. എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും വിമാനക്കൂലി നിശ്ചയിക്കുന്ന മാതൃകയിൽ നിരക്കു നിശ്ചയിക്കണമെന്നതായിരുന്നു സമിതിയുടെ മുഖ്യ ശുപാർശ.