നിതീഷ് – ബിജെപി സഖ്യത്തിൽ വിള്ളൽ

പട്ന∙ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ബിഹാറിലെ എൻഡിഎ സഖ്യത്തിൽ ഭിന്നത. ചില പ്രമുഖ ബിജെപി നേതാക്കൾക്കെതിരെ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തെത്തി. സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടുമെന്നും എന്തു വിലകൊടുത്തും മതസൗഹാർദം കാത്തുസൂക്ഷിക്കുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

ലോക്സഭാ മണ്ഡലമായ അരാരിയയിലും ജഹാനാബാദ്, ബാഭുവ നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പിൽ ബാഭുവയിൽ ബിജെപി ജയിച്ചെങ്കിലും അരാരിയയിൽ ബിജെപിയും ജഹാനാബാദിൽ ജെഡിയുവും ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിനാണ് ഇതു തിരിച്ചടിയായത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നൽകാതിരിക്കാൻ ബിജെപി ഇത് അവസരമാക്കുമോയെന്ന സംശയവും ജെഡിയുവിനുണ്ട്. ഉപതിരഞ്ഞെടുപ്പിനു പിന്നാലെ, ദർബംഗയിൽ സംഘർഷമുണ്ടാക്കാൻ ബിജെപിയുടെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ശ്രമിച്ചെന്നാണു ജെഡിയുവിന്റെ പരാതി.

ഒരു കവലയ്ക്കു പ്രധാനമന്ത്രിയുടെ പേരു നൽകിയതിന്റെ പേരിൽ വയോധികനെ കൊലപ്പെടുത്തിയെന്നു ബിജെപി നേതാക്കളായ ഗിരിരാജ് സിങ്ങും നിത്യാനന്ദ് റായിയും പ്രചരിപ്പിച്ചെന്നാണ് ആരോപണം. വസ്തു തർക്കമാണു കാരണമെന്നു വ്യക്തമായിട്ടും ഇരുവരും പ്രകോപനം തുടർന്നെന്നാണു പരാതി.

ഇരു മതവിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന ഭാഗൽപ്പുരിൽ കേന്ദ്രമന്ത്രി അശ്വിനികുമാർ ചൗബെയുടെ മകന്റെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തിയതും ജെഡിയുവിനെ ചൊടിപ്പിച്ചു. ആർജെഡി സ്ഥാനാർഥി ജയിച്ചാൽ അരാരിയ ഐഎസ് താവളമാവുമെന്നു നിത്യാനന്ദ് റായിയും ഗിരിരാജ് സിങ്ങും പ്രസ്താവിച്ചതും സമൂഹത്തിൽ ഭിന്നത രൂക്ഷമാക്കുമെന്ന നിലപാടിലാണു ജെഡിയു.

വിവിധ വിഭാഗങ്ങളെ ഒപ്പംകൂട്ടാനാണ് എൻഡിഎ ശ്രമിക്കേണ്ടതെന്നു മറ്റൊരു സഖ്യകക്ഷിയായ എൽജെപിയുടെ നേതാവ് റാംവിലാസ് പാസ്വാൻ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടതിനെ നിതീഷ് സ്വാഗതം ചെയ്തതും ബിജെപിക്കുള്ള മുന്നറിയിപ്പാണ്.