ഓൺലൈൻ ഉള്ളടക്കം നിയന്ത്രിക്കാൻ ചട്ടനി‍ർമാണം ആലോചനയിൽ: മന്ത്രി

സ്മൃതി ഇറാനി

മുംബൈ∙ വാർത്തയും വിഡിയോയും അടക്കം ഓൺലൈൻ മാധ്യമങ്ങളിലെ ഉള്ളടക്കത്തിന്റെ കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ആലോചിക്കുകയാണെന്നു കേന്ദ്ര വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനി. സാങ്കേതികവിദ്യ വളരുകയും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ വ്യാജവാർത്തകളുടെ പ്രചാരണവും വർധിക്കുകയാണ്. ഇവ നിയന്ത്രിക്കാൻ രാജ്യത്തെ ചട്ടങ്ങൾ നിലവിൽ പര്യാപ്തമല്ല – സ്മൃതി പറഞ്ഞു.

പത്രവും ടെലിവിഷനും വാർത്ത കൊടുക്കുമ്പോൾ, രാജ്യത്തെ നിയമങ്ങളുടെ പരിധി സൂക്ഷിച്ചേ കഴിയൂ. മാത്രമല്ല, അവയ്ക്കു സ്വയം നിയന്ത്രണ സംവിധാനങ്ങളുമുണ്ട്. എന്നാൽ, ഓൺലൈനിൽ ഇത്തരം വ്യവസ്ഥകളില്ല. നിയമങ്ങൾ അവ്യക്തമാണ്. ജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള വേദി കൂടിയായി സമൂഹമാധ്യമങ്ങൾ മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നിയന്ത്രണങ്ങൾക്കു വലിയ പ്രസക്തിയുണ്ട്. ബന്ധപ്പെട്ടവരുമായി ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണെന്നും സ്മൃതി പറഞ്ഞു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്സ്റ്റാർ തുടങ്ങിയ വിഡിയോ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണത്തെക്കുറിച്ചു ടെലികോം റെഗുലേറ്ററി അതോറിട്ടിയും ചർച്ച നടത്തുകയാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.