28 പാക്ക് സിന്ധ് ‌ അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം

ഭോപ്പാൽ ∙ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽനിന്ന് ഇന്ത്യയിലെത്തിയശേഷം മടങ്ങിപ്പോകാതെ തുടരുന്ന 28 പേർക്ക് ഇന്ത്യ പൗരത്വം നൽകി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണു പൗരത്വരേഖകൾ കൈമാറിയത്. മുൻവർഷങ്ങളിൽ ഭോപ്പാൽ ജില്ലയിൽ 487 പേർക്ക് ഇതുപോലെ പൗരത്വം നൽകിയിരുന്നു. ലക്നൗവിൽ ഈയിടെ 52 സിന്ധ് കുടുംബങ്ങൾക്കു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പൗരത്വരേഖ നൽകിയിരുന്നു.

വിഭജനത്തെത്തുടർന്ന് ഇന്ത്യയിൽ താമസമാക്കിയ ബന്ധുക്കളെ കാണാനെത്തുകയും തുടർന്നു പാക്കിസ്ഥാനിലേക്കു മടങ്ങിപ്പോകാതെ ഇവിടെ താമസം തുടരുകയും ചെയ്യുന്ന ഹിന്ദുക്കളായ സിന്ധ് കുടുംബാംഗങ്ങളോടു നരേന്ദ്ര മോദി സർക്കാർ അനുഭാവ നിലപാടു പ്രഖ്യാപിച്ചിരുന്നു. പൗരത്വത്തിന് 250 കുടുംബങ്ങൾ കൂടി അപേക്ഷ നൽകി കാത്തിരിപ്പുണ്ടെന്നു രാമേശ്വർ ശർമ എംഎൽഎ അറിയിച്ചു.