പട്ടികവിഭാഗ പീഡനവിരുദ്ധ നിയമം ലഘൂകരിച്ചതിൽ പങ്കില്ല: രാജ്നാഥ് സിങ്

ന്യൂഡൽഹി∙ പട്ടികവിഭാഗ പീഡനവിരുദ്ധ നിയമം ലഘൂകരിച്ചതിൽ സർക്കാരിനു പങ്കില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കേസിൽ സർക്കാർ പങ്കാളിയായിരുന്നില്ല, അധികാരത്തിലെത്തിയ ശേഷം നി‌യമം ശക്തിപ്പെടുത്താനാണു സർക്കാർ ശ്രമിച്ചത് – ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ ആഭ്യന്തരമന്ത്രി പറഞ്ഞു.

തിങ്കളാഴ്ചത്തെ ഭാരത് ബന്ദിൽ ഒട്ടേറെ പേർ മരിച്ച സാഹചര്യത്തിലായിരുന്നു പ്രസ്താവന. എസ്‌സി, എസ്ടി നിയമത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ മുൻകൂർ അറസ്റ്റ് ചെയ്യരുതെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. സ്വകാര്യ വ്യക്തികളെ അറസ്റ്റ് ചെയ്യും മുൻപു പ്രാഥമികാന്വേഷണം നടത്തണമെന്നും നിർദേശിച്ചിരുന്നു. ഇതിന്റെ പേരിൽ ദലിത് സംഘടനകൾ നടത്തിയ അഖിലേന്ത്യാ ‌പ്രതിഷേധമാണ് അക്രമാസക്തമായത്.

പട്ടികവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും താൽപര്യം സംരക്ഷിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രി പറഞ്ഞു. വിധി വന്ന് ആറു ദിവസത്തിനുള്ളിൽ പുനഃപരിശോധനാ ഹർജി നൽകി. ക്രമസമാധാനം നിലനിർത്തുന്നതിന് അടിയന്തര നടപടികളെടുക്കാൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. പ്രസ്താവനയ്ക്കു ശേഷം പതിവു പോലെ, 19–ാം ദിനവും ലോക്‌സഭ മുടങ്ങി. അവിശ്വാസപ്രമേയ നോട്ടിസ് പരിഗണിക്കുന്നതിന് അംഗങ്ങൾ ഇരിപ്പിടങ്ങളിലേക്കു മടങ്ങണമെന്ന സ്പീക്കറുടെ ആവശ്യം അണ്ണാ ഡിഎംകെ അംഗീകരിച്ചില്ല. പ്രതിപക്ഷം അവിശ്വാസപ്രമേയം ചർച്ച ചെയ്യണമെന്നാഗ്രഹിക്കുന്നു, അൻപതിലേറെ അംഗങ്ങളുടെ പിന്തുണയുള്ളതു പരിഗണിച്ചു നടപടിയെടുക്കുക – കോൺഗ്രസ് ചീഫ് വിപ് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു.

എന്നാൽ കാവേരി നദീജല ബോർഡ് രൂപീകരണം ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ അംഗങ്ങൾ ബഹളം തുടരുന്നതിനിടെ സഭ പിരിച്ചുവിടാനായിരുന്നു സ്പീക്കർ സുമിത്ര മഹാജന്റെ തീരുമാനം. രാജ്യസഭയിൽ പുതിയ 41 അംഗങ്ങളുടെ സത്യപ്രതിജ്ഞ മാത്രമാണു പൂർത്തിയായ കാര്യപരിപാടി. സഭയിലേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വീണ്ടും സഭാ നേതാവായി നിയമിതനായി. വിവിധ പ്രശ്നങ്ങളുന്നയിച്ചു പ്രതിപക്ഷ കക്ഷികൾ നടുത്തളം കയ്യടക്കിയതോടെ സഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡു ഉപരിസഭയിലും നടപടികൾ ഉപേക്ഷിച്ചു.