Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്ക് തട്ടിപ്പ് തടയാൻ ആധാർ ഉപകരിക്കില്ലെന്ന് സുപ്രീംകോടതി

aadhar-saftey

ന്യൂഡൽഹി ∙ ബാങ്കുതട്ടിപ്പുകൾ തടയാൻ ആധാർ സഹായിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. തട്ടിപ്പുകാരുമായി ചേർന്ന് ബാങ്ക് ഉദ്യോഗസ്ഥർ തന്നെ വൻ തട്ടിപ്പു നടത്തുന്നുവെന്നും തട്ടിപ്പുകാർ അജ്ഞാതരാണെങ്കിൽ ഇത്ര വലിയ തട്ടിപ്പുകൾ നടക്കുമായിരുന്നുവോ എന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു. ഭീകരരെ തിരഞ്ഞു പിടികൂടാൻ ആധാർ സഹായിക്കുമെന്ന കേന്ദ്ര സർക്കാർ വാദവും കോടതി ചോദ്യം ചെയ്തു.

രാജ്യത്തെ ജനസംഖ്യയിൽ വളരെ ചെറിയ ശതമാനം മാത്രം വരുന്ന ഭീകരരെ പിടികൂടുന്നതിനായി മുഴുവനാളുകളുടെയും മൊബൈൽ ഫോണുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതെന്തിനാണെന്ന് ജസ്റ്റിസുമാരായ എ.കെ.സിക്രി, എം.എം.കൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഢ്, അശോക് ഭൂഷൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഇങ്ങനെയായാൽ എല്ലാ പൗരന്മാരുടെയും ഡിഎൻഎ, ബീജം, രക്ത സാംപിൾ തുടങ്ങിയവയും ആധാറിനായി ആവശ്യപ്പെടുമോയെന്നും കോടതി ചോദിച്ചു.

ബാങ്ക് തട്ടിപ്പുകൾ തടയുന്നതിനും ഭീകരരെ പിടികൂടുന്നതിനും ആധാർ പരിഹാരമാണെന്നു തോന്നുന്നില്ലെന്നു കോടതി വ്യക്തമാക്കി. ഒരു വ്യക്തി പല തലങ്ങളിൽ ഇടപാടുകൾ നടത്തുന്നതു തടയാൻ ആധാറിനാവില്ല. അതുകൊണ്ടുതന്നെ തട്ടിപ്പുകൾ തടയാനും ഉപകരിക്കില്ല. തൊഴിലുറപ്പു പദ്ധതി പോലെ ക്ഷേമസംരംഭങ്ങളിലെ അനർഹരെ കണ്ടെത്താൻ ആധാർ സഹായിച്ചേക്കാം. ബോംബാക്രമണം നടത്താൻ ഭീകരർ സിം കാർഡുകൾ ഉപയോഗിച്ചല്ല പദ്ധതിയിടുന്നത്.

120 കോടി ജനങ്ങളുടെ മൊബൈൽ ഫോൺ ആധാറുമായി ബന്ധിപ്പിച്ചതുകൊണ്ട് ഭീകരാക്രമണം തടയാനാവില്ല – ബോംബ് വയ്ക്കാൻ പദ്ധതിയിടുന്ന ഭീകരരെ പിടിക്കാൻ മൊബൈൽ ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നത് ഉപകരിക്കുമെന്ന അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ വാദം ഖണ്ഡിച്ച് ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. സർക്കാർ വാദം 10നു തുടരും.