ആകാശക്കരുത്ത് ഇരട്ടിയാക്കാൻ പദ്ധതി; 114 യുദ്ധവിമാനങ്ങൾ നിർമിക്കും

ന്യൂഡൽഹി ∙‌ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിനു മൂർച്ചകൂട്ടാൻ ആഗോള സഹകരണത്തോടെ 114 യുദ്ധവിമാനങ്ങൾ നിർമിക്കുന്ന നടപടിക്കു വ്യോമസേന തുടക്കമിട്ടു. മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമായി, പദ്ധതിക്കായി പ്രതിരോധ മന്ത്രാലയം ആഗോള ടെൻഡർ ക്ഷണിച്ചു. ചൈന, പാക്ക് ഭീഷണി സജീവമായ വേളയിൽ, യുദ്ധവിമാന ശേഖരം അടിയന്തരമായി ഉയർത്തണമെന്ന വ്യോമസേനയുടെ അഭ്യർഥന കണക്കിലെടുത്താണു നടപടി.

1.25 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ഒറ്റ, ഇരട്ട എൻജിൻ യുദ്ധവിമാനങ്ങളാണു നിർമിക്കുക. വിശദാംശങ്ങൾ സമർപ്പിക്കാൻ ആഗോള കമ്പനികളോട് ആവശ്യപ്പെട്ടതായി സേനാവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ കമ്പനിയുമായി സഹകരിച്ചാവും വിമാനങ്ങൾ നിർമിക്കുക. പ്രതിരോധ നിർമാണ മേഖലയിലെ ആഗോള ഭീമൻമാരായ ബോയിങ്, ലോക്ക്ഹീഡ് മാർട്ടിൻ ഉൾപ്പെടെയുള്ള കമ്പനികൾ സഹകരിക്കാൻ രംഗത്തുവരുമെന്നാണു സൂചന.

114 ഒറ്റ എൻജിൻ യുദ്ധവിമാനങ്ങൾ നിർമിക്കാനുള്ള മുൻ പദ്ധതി പ്രതിരോധ മന്ത്രാലയം നേരത്തേ ഉപേക്ഷിച്ചിരുന്നു. യുഎസിന്റെ എഫ് 16, സ്വീഡന്റെ ഗ്രിപൻ ഇ എന്നിവ മാത്രമാണു ‌വ്യോമസേനയുടെ ആവശ്യങ്ങൾ നിർവഹിക്കാൻ കെൽപുള്ള ഒറ്റ എൻജിൻ യുദ്ധവിമാനങ്ങളെന്നു കണ്ടെത്തിയതോടെയാണ്, ഇരട്ട എൻജിനുള്ളവയെ കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലമാക്കാൻ തീരുമാനിച്ചത്.

ഇന്ത്യയുടെ ആകാശക്കരുത്ത്

നിലവിൽ, 31 ഫൈറ്റർ സ്ക്വാഡ്രണുകളാണു (ഒരു സ്ക്വാഡ്രണിൽ 18 യുദ്ധവിമാനങ്ങൾ) വ്യോമസേനയുടെ പക്കലുള്ളത്. സേനയുടെ സ്ക്വാഡ്രൺ ശേഷി 42 ആണെന്നിരിക്കെ, നിലവിലെ യുദ്ധവിമാന ശേഖരം വളരെ കുറവാണെന്നും അയൽരാജ്യങ്ങളിൽനിന്നുള്ള ഭീഷണി ഫലപ്രദമായി നേരിടാൻ കരുത്തുറ്റ യുദ്ധവിമാനങ്ങൾ ആവശ്യമാണെന്നും സേന വിലയിരുത്തുന്നു. സുഖോയ് 30 എംകെഐ, മിഗ് 21, മിഗ് 27, മിഗ് 29, മിറാഷ് 2000, ജാഗ്വർ യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്ക്ക് ആകാശക്കരുത്തു പകരുന്നത്.

കാലപ്പഴക്കം ചെന്ന മിഗ് 21, 27 വിമാനങ്ങൾ അഞ്ചു വർഷത്തിനകം സേനയിൽനിന്നു ഘട്ടംഘട്ടമായി ഒഴിവാക്കും. ഇതുണ്ടാക്കുന്ന വിടവ് അടിയന്തരമായി നികത്തണമെന്നാണു സേനയുടെ വാദം. ഫ്രഞ്ച് നിർമിത റഫാൽ യുദ്ധവിമാനങ്ങൾ അടുത്തവർഷം മുതൽ ഇന്ത്യയ്ക്കു ലഭിച്ചുതുടങ്ങും. ആകെ 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്.