Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാളിൽ തിരഞ്ഞെടുപ്പ് അക്രമം: ബസുദേവ് ആചാര്യയ്ക്കു പരുക്ക്

കൊൽക്കത്ത∙ ബംഗാളിൽ അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനു നാമനിർദേശപത്രിക നൽകുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘർഷത്തിനിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സിപിഎം നേതാവ് ബസുദേവ് ആചാര്യയെ കയ്യേറ്റം ചെയ്തു. വയറിനു പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന തൃണമൂൽ–സിപിഎം സംഘട്ടനങ്ങളിൽ ഒട്ടേറെ പേർക്കു പരുക്കേറ്റു. മുർഷിദാബാദ് ജില്ലയിലെ കാൻഡിയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരുമായും കൂച്ച്ബിഹാർ, ബിർഭം ജില്ലകളിൽ ബിജെപി പ്രവർത്തകരുമായും ഏറ്റുമുട്ടി. ബിർഭമിലെ മുഹമ്മദ് ബസാറിൽ ബോംബേറുണ്ടായി.

പുരുലിയയിലെ കാഷിപ്പുരിൽ ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസിൽ പത്രിക സമർപ്പണത്തിനിടെയാണു വയോധികനായ ബസുദേവ് ആചാര്യയ്ക്കു നേരെ കയ്യേറ്റമുണ്ടായത്. സിപിഎം സ്ഥാനാർഥികൾക്കൊപ്പം എത്തിയതായിരുന്നു അദ്ദേഹം. കൂച്ച്ബിഹാറിൽ പൊലീസ് ലാത്തിച്ചാർജ് നടത്തി.

പഞ്ചായത്ത് തിരഞ്ഞെടുപ്പിനു പത്രിക നൽകുന്നത് ആരംഭിച്ച ഈ മാസം രണ്ടു മുതൽ സംസ്ഥാനത്തെങ്ങും രാഷ്ട്രീയ അക്രമം തുടരുകയാണ്. എതിരാളികളെ നാമനിർദേശപത്രിക സമർപ്പിക്കാൻ പോലും അനുവദിക്കാതെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അക്രമം നടത്തുകയാണെന്നാണു പ്രതിപക്ഷത്തിന്റെ പരാതി. അക്രമം തടയുന്നതിനായി പൊലീസ് രണ്ടായിരത്തോളം പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.