പുരി എക്സ്പ്രസ് എൻജിൻ ഇല്ലാതെ ഓടി, 13 കിലോമീറ്റർ

അഹമ്മദാബാദ്– പുരി എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾ കെസിങ്ക സ്റ്റേഷനിലെത്തിയപ്പോൾ

ഭുവനേശ്വർ∙ മറുവശത്തേക്കു മാറ്റി ഘടിപ്പിക്കുന്നതിനായി എൻജിൻ വേർപെടുത്തിയ അഹമ്മദാബാദ്– പുരി എക്സ്പ്രസ് ട്രെയിനിന്റെ 22 കോച്ചുകൾ തനിയെ ഓടിയതു 13 കിലോമീറ്റർ. ചെറിയ ഇറക്കമുള്ള ടിടലാഗഡ്– കെസിങ്ക പാതയിലൂടെ പിടിവിട്ടു പാഞ്ഞ ട്രെയിൻ പാളം തെറ്റാതെ രക്ഷപ്പെട്ടതു യാത്രക്കാരുടെ ആയുസ്സിന്റെ ബലം കൊണ്ട്. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരെയും റെയിൽവേ ജീവനക്കാരെയും ഞെട്ടിച്ചുകൊണ്ടു മെല്ലെ ഉരുണ്ടുനീങ്ങി വേഗമെടുത്ത ട്രെയിൻ 13 കിലോമീറ്ററപ്പുറം തടഞ്ഞുനിർത്തിയതു പാളത്തിൽ കല്ലുകൾ വച്ചാണ്.

കോച്ചുകൾ ഉരുണ്ടുനീങ്ങാതിരിക്കാൻ സ്കിഡ് ബ്രേക്ക് ഉറപ്പിക്കണമെന്ന നിബന്ധന പാലിക്കാതിരുന്ന രണ്ടു ലോക്കോ പൈലറ്റുമാർ ഉൾപ്പെടെ ഏഴു ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

പാളത്തിലെ ഇറക്കം അവസാനിച്ചു ട്രെയിനിനു വേഗം കുറയുന്നതുവരെ കാത്തശേഷമാണു കല്ലുകൾ വച്ചത്. ഈസമയമത്രയും എല്ലാ ലെവൽ ക്രോസിങ്ങുകളും അടച്ചിട്ടു. സംഭവത്തെ തുടർന്ന്, മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ എൻജിൻ മാറ്റുന്ന എല്ലാ സ്റ്റേഷനുകളിലും പ്രത്യേക സുരക്ഷാ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

എൻജിനില്ലാതെ ട്രെയിൻ ഓടിയത് എങ്ങനെ?

1. എൻജിൻ വേർപ്പെടുത്തുന്നു. 

2. ചക്രങ്ങളുടെ അടിയിൽ തടിക്കഷണം (സ്കിഡ് ബ്രേക്ക്) വച്ച് ഉറപ്പിക്കണമെന്ന നിബന്ധന പാലിക്കുന്നില്ല. 

3. ഇറക്കമുള്ള പാതയിലൂടെ 22 കോച്ചുകൾ ഉരുണ്ടു നീങ്ങി, മെല്ലെ വേഗം കൈവരുന്നു. 

4. എയർ ബ്രേക്ക് സംവിധാനം എൻജിനുമായി ബന്ധപ്പെട്ടായതിനാൽ യാത്രക്കാർ അപായച്ചങ്ങല വലിച്ചിട്ടും കോച്ചുകൾ നിൽക്കുന്നില്ല. 

5. ഇറക്കം അവസാനിക്കുന്ന സ്ഥലത്ത് പാളത്തിൽ കല്ലുകൾ വച്ച് ട്രെയിൻ നിർത്തുന്നു.