പാക്ക്, ചൈന വെല്ലുവിളി നേരിടാൻ കരസേനാ കമാൻഡർമാരുടെ യോഗം

ജനറൽ ബിപിൻ റാവത്ത്

ന്യൂഡൽഹി∙ പാക്കിസ്ഥാനിൽനിന്നും ചൈനയിൽനിന്നുമുള്ള ഭീഷണി ഫലപ്രദമായി നേരിടാനുള്ള തന്ത്രങ്ങൾക്കു രൂപംനൽകാൻ ലക്ഷ്യമിടുന്ന കരസേനാ കമാൻഡർമാരുടെ സമ്മേളനത്തിനു തുടക്കം. വർഷത്തിൽ രണ്ടുതവണ നടക്കുന്ന സമ്മേളനത്തിൽ, അതിർത്തിയിലെ സംഘർഷ സാഹചര്യങ്ങളാകും ഇക്കുറി മുഖ്യവിഷയം.

കരസേനയുടെ ഭാവിപദ്ധതികൾ ആസൂത്രണം ചെയ്യുന്ന ആറു ദിന ഡൽഹി സമ്മേളനത്തിൽ സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അധ്യക്ഷത വഹിക്കും. അതിർത്തിയിൽ ചൈന ആയുധ, ആൾബലം വർധിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ, സേനയുടെ തയാറെടുപ്പുകൾ യോഗം വിലയിരുത്തും. ദോക് ലാ സംഘർഷത്തിനു പിന്നാലെ ചൈനയുമായുള്ള നാലായിരത്തോളം കിലോമീറ്റർ അതിർത്തിയിൽ ഇന്ത്യയും സേനാസാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.

വ്യോമസേനയുടെ യുദ്ധസന്നദ്ധത പരിശോധിക്കാൻ ലക്ഷ്യമിട്ടു കഴിഞ്ഞ ദിവസം ആരംഭിച്ച ‘ഗഗൻ ശക്തി’ വ്യോമാഭ്യാസ പ്രകടനം പാക്ക്, ചൈന അതിർത്തികളിൽ പുരോഗമിക്കുന്നതിനിടെയാണ്, കരസേനാ കമാൻഡർമാർ യോഗം ചേരുന്നത്. അതിർത്തിയിലെ സുരക്ഷാസന്നാഹങ്ങൾ, അടിസ്ഥാന സൗകര്യവികസനം, ഭാവി ഭീഷണികൾ, പ്രതിരോധശക്തി വർധിപ്പിക്കൽ എന്നിവ ചർച്ചാവിഷയമാകുമെന്നു കരസേനാ പിആർഒ: കേണൽ അമൻ ആനന്ദ് വ്യക്തമാക്കി. ആദ്യ ദിനമായ ഇന്നലെ, പ്രതിരോധ ബജറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളാണു പ്രധാനമായും ചർച്ച ചെയ്തത്. കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ സേനാംഗങ്ങളെ അഭിസംബോധന ചെയ്തു.