രാജ്യസഭയിലേക്ക് യച്ചൂരിയെ വിലക്കിയത് എന്തിന്?

ഹൈദരാബാദ് ∙ മൂന്നു കാരണങ്ങൾ കൊണ്ടാണു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു വീണ്ടും രാജ്യസഭാംഗത്വം നിരസിച്ചതെന്നു സിപിഎം വെളിപ്പെടുത്തി. ബംഗാളിൽനിന്നു കോൺഗ്രസ് പിന്തുണയോടെ യച്ചൂരിയെ രാജ്യസഭയിലേക്ക് അയയ്ക്കുന്നതു കേന്ദ്രകമ്മിറ്റി തടഞ്ഞിരുന്നു. ഈ തീരുമാനമാണു രാഷ്ട്രീയനയം സംബന്ധിച്ച കലാപത്തിന് യച്ചൂരിയെ പ്രകോപിപ്പിച്ചതെന്നു വിശ്വസിക്കുന്നവരുണ്ട്. ഈ പശ്ചാത്തലത്തിലാണു പാർട്ടി കോൺഗ്രസ് രേഖയിൽ വിവാദതീരുമാനത്തിനു വഴിവച്ച കാരണങ്ങൾ നിരത്തിയത്:

1. കോൺഗ്രസിന്റെ പിന്തുണയോടെ ജനറൽ സെക്രട്ടറിയെ തന്നെ രാജ്യസഭയിലേക്ക് അയയ്ക്കുന്നതു സിപിഎമ്മിന്റെ രാഷ്ട്രീയനയത്തിൽ വെള്ളം ചേർക്കലായി വ്യാഖ്യാനിക്കപ്പെടും.

2. ജനറൽ സെക്രട്ടറിയെന്ന നിലയിലുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ചുമതലകൾ നിർവഹിക്കേണ്ടതിനാൽ യച്ചൂരിക്കു പാർലമെന്ററി പ്രവർത്തനത്തിൽ കൂടി മുഴുകാൻ സാധിക്കില്ല.

3. രാജ്യസഭയിലേക്ക് ഒരാൾ പരമാവധി രണ്ടുതവണ എന്നതാണു സിപിഎം മാനദണ്ഡം. യച്ചൂരി രണ്ടുതവണ പൂർത്തിയാക്കി.

രാജ്യസഭയിലേക്കു വീണ്ടും പോകാനുള്ള താൽപര്യം യച്ചൂരി ഭംഗ്യന്തരേണ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മനോഗതം കൂടി കണക്കിലെടുത്താണു ബംഗാൾ സംസ്ഥാന കമ്മിറ്റി ഈ നിർദേശം കേന്ദ്ര കമ്മിറ്റിക്കു മുന്നിൽവച്ചത്. എന്നാൽ പ്രകാശ് കാരാട്ട് പക്ഷവും കേരള നേതൃത്വവും ചേർന്ന് ആ നീക്കം പരാജയപ്പെടുത്തുകയായിരുന്നു.