ഭേദം മായാവതിയെന്ന് ബിജെപി മന്ത്രി; വിവാദമായപ്പോൾ തിരുത്തി

ലക്നൗ ∙ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രി മായാവതിയെ പുകഴ്ത്തിയതു ബിജെപിയെ വെട്ടിലാക്കി. ഉന്നാവ് പീഡനക്കേസ് അന്വേഷിക്കുന്നതിലുള്ള വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ പരാമർശം. മായാവതി സർക്കാർ ഇത്തരം കാര്യങ്ങളിൽ ഏറെ കാര്യക്ഷമമായിരുന്നെന്നു മൗര്യ പറഞ്ഞു. ഉന്നാവ് കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ല. മായാവതിയുടെ കാലത്തു കൂടുതൽ നല്ല രീതിയിലായിരുന്നു പ്രവർത്തനം – മൗര്യ പറഞ്ഞു.

എന്നാൽ, സംഭവം വിവാദമായതോടെ അഭിപ്രായം മാറ്റി മന്ത്രിതന്നെ രംഗത്തെത്തി. സമാജ്‍വാദി പാർട്ടി ഭരണത്തെക്കാൾ നിയമവാഴ്ച ഉറപ്പാക്കുന്നതായിരുന്നു ബിഎസ്പിയുടെ ഭരണം എന്നാണു താൻ ഉദ്ദേശിച്ചതെന്നു മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ ആദിത്യനാഥ് സർക്കാർ ഒട്ടും പിന്നിലല്ലെന്നും മന്ത്രി പറഞ്ഞു.

ബിഎസ്പി ദേശീയ സെക്രട്ടറിയായിരുന്ന മൗര്യ 2016ൽ മായാവതിയുമായി തെറ്റിപ്പിരിഞ്ഞാണു ബിജെപിയിൽ ചേർന്നത്. നേരത്തേ എൻഡിഎ സഖ്യകക്ഷിയായ ഭാരതീയ സമാജ് പാർട്ടി മേധാവിയും മന്ത്രിയുമായ ഓംപ്രകാശ് രാജ്ഭാറും യോഗിസർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.