തിരഞ്ഞെടുപ്പ് കേസ്: ആദ്യ ഘട്ടത്തിൽ പട്ടേലിന് തിരിച്ചടി

അഹമ്മദാബാദ്∙ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനു തിരഞ്ഞെടുപ്പു േകസിൽ ആദ്യഘട്ടത്തിൽ തിരിച്ചടി. രാജ്യസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യംചെയ്ത് തോറ്റ സ്ഥാനാർഥി ബിജെപിയിലെ ബൽവന്ത്സിങ് രാജ്പുത്ത് നൽകിയ ഹർജി തള്ളണമെന്ന പട്ടേലിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി നിരാകരിച്ചു.

രാജ്പുത്തിന്റെ ഹർജിയിൽ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി പട്ടേൽ നൽകിയ അപേക്ഷയാണു തള്ളിയത്. ഹർജിയിൽ ജസ്റ്റിസ് ബേല ത്രിവേദിയാണു വാദം കേൾക്കുന്നത്. ക്രമക്കേട് പരിഹരിക്കാവുന്നതേയുള്ളൂവെന്നു രാജ്പുത്തിന്റെ അഭിഭാഷകൻ വാദിച്ചു.

തിരഞ്ഞെടുപ്പു കമ്മിഷനെ കേസിൽ കക്ഷി ചേർത്തത് ഒഴിവാക്കണമെന്നു നേരത്തേ രാജ്പുത്തിനോടു കോടതി ആവശ്യപ്പെട്ടിരുന്നു. ചട്ടം ലംഘിച്ചു ബാലറ്റ് പേപ്പർ പരസ്യമാക്കിയ രണ്ട് എംഎൽഎമാരുടെ വോട്ട് അസാധുവാക്കിയ കമ്മിഷന്റെ ഉത്തരവു ചോദ്യം ചെയ്യുന്നതിനെയും വിലക്കി.

കോൺഗ്രസ് വിമത എംഎൽഎമാരായ രാഘവ്ജി പട്ടേൽ, ഭോലാഭായ് ഗോഹിൽ എന്നിവരുടെ വോട്ട് അസാധുവാക്കിയതിനെത്തുടർന്ന് അഹമ്മദ് പട്ടേൽ കഷ്ടിച്ചാണു ജയിച്ചുകയറിയത്.