കഠ്‍‌വ കേസ്: പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജാമ്യം നിഷേധിച്ചു

കഠ്‌വ / ജമ്മു ∙ എട്ടു വയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിക്കു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എ.എസ്.ലാംഗെ ജാമ്യം നിഷേധിച്ചു. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചയുടൻ തന്നെ ഈ പ്രതിയുടെ അഭിഭാഷകൻ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. പ്രായത്തിന്റെ ആനുകൂല്യം തേടിയാണു ജാമ്യഹർജി സമർപ്പിച്ചത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിലും മാനഭംഗപ്പെടുത്തിയതിലും കൊലപ്പെടുത്തിയതിലും ഈ പ്രതിക്കു മുഖ്യപങ്കുണ്ടെന്നു കുറ്റപത്രത്തിൽ പറയുന്നു. ഇയാളെ കൂടാതെ മറ്റ് ഏഴു പേരും കേസിൽ പ്രതികളാണ്. ഇവർക്ക് ഏഴുപേർക്ക് എതിരെ ഒന്നും പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ മറ്റൊന്നുമായി രണ്ടു കുറ്റപത്രങ്ങളാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്.

പ്രായപൂർത്തിയായില്ലെന്ന് അവകാശപ്പെടുന്ന പ്രതിക്ക് വൈദ്യപരിശോധന പ്രകാരം 19 വയസ്സുണ്ടെന്ന് ആദ്യ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. എന്നാൽ കോടതി ഈ വാദം നിരാകരിച്ചു. ഈ പ്രതിയാണ്, കാണാതായ കുതിരയെ തിരഞ്ഞു നടക്കുകയായിരുന്ന പെൺകുട്ടിയെ സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടി തട്ടിക്കൊണ്ടുപോയി, കയ്യും കാലും കെട്ടി മാനഭംഗപ്പെടുത്തിയ ശേഷം സമീപത്തെ ചെറുക്ഷേത്രത്തിൽ തടവിൽ പാർപ്പിച്ചത്. പെൺകുട്ടിയെ കൊലപ്പെടുത്തിയതിലും ഇയാൾക്കു പങ്കുണ്ടെന്നു കുറ്റപത്രത്തിൽ പറയുന്നു.