ആധാർ മൂലം തട്ടിപ്പ് തടയാനാവില്ലെന്നു വാദം

ന്യൂഡൽഹി ∙ വൻ തട്ടിപ്പുകൾ നടത്തുന്നതു കമ്പനികളാണെന്നും കള്ളപ്പണം വിദേശത്താണു സൂക്ഷിക്കുന്നതെന്നും അതിനാൽ പെർമനന്റ് അക്കൗണ്ട് നമ്പരുമായി (പാൻ) ആധാർ ബന്ധിപ്പിച്ച് ഇതു തടയാനാവില്ലെന്നും സുപ്രീം കോടതിയിൽ വാദം. സെന്റർ ഫോർ സിവിൽ സൊസൈറ്റിക്കു വേണ്ടി ഹാജരായ ഗോപാൽ ശങ്കരനാരായണൻ ആണ് ഈ വാദം ഉന്നയിച്ചത്.

തിരിച്ചറിയാനും ഉറപ്പാക്കാനും ഏറ്റവും വേഗമുള്ള സംവിധാനമാണ് ആധാർ എന്നും അതിനാൽ അതു അസാധുവാക്കേണ്ട കാര്യമില്ലെന്നും യൂസർ ഏജൻസികളെ പ്രതിനിധീകരിച്ച് എത്തിയ മുതിർന്ന അഭിഭാഷകൻ കെ.എൻ.കൗൾ വാദിച്ചു. മഹാരാഷ്ട്ര സർക്കാരിനുവേണ്ടി ഹാജരായ സുഹെബ് ഹുസൈൻ ആധാറിനെ അനുകൂലിച്ചു തുടങ്ങിയ വാദം മേയ് രണ്ടിനു തുടരും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ. കെ. സിക്രി, എ.എം. ഖാൻവിൽക്കർ, ഡി. വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷൻ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്.