സിനിമയിലെ ലൈംഗിക ചൂഷണം ശരിവച്ച് ശത്രുഘ്നൻ സിൻഹ

മുംബൈ ∙ സിനിമാരംഗത്തു നടക്കുന്ന ലൈംഗികചൂഷണം ശരിവച്ച് ബോളിവുഡ് മുൻ‌താരം ശത്രുഘ്നൻ സിൻഹ. ‘ഇതു പണ്ടേ നടന്നുവരുന്ന ഏർപ്പാടാണ്. ലൈംഗിക സന്തോഷം ചോദിച്ചുവാങ്ങാറുണ്ട്. കൊടുക്കാറുമുണ്ട്. ‘എന്നെ സന്തോഷിപ്പിക്കൂ, ഞാനും സന്തോഷിപ്പിക്കാം’ എന്നത് ജീവിതമുന്നേറ്റത്തിനു വിജയകരമെന്നു കാലം തെളിയിച്ച പുരാതന മാർഗമാണ്. ഇതിൽ ഇത്ര വേവലാതിപ്പെടാൻ എന്തിരിക്കുന്നു. തികച്ചും വ്യക്തിപരമായ തീരുമാനമാണത്’– അദ്ദേഹം പറയുന്നു.

ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാൻ സിനിമയിലെ ലൈംഗികചൂഷണത്തെപ്പറ്റി തുറന്നുപറഞ്ഞതിനു പിന്നാലെ രാഷ്ട്രീയത്തിലും ലൈംഗികചൂഷണമുണ്ടെന്നു മുതിർന്ന കോൺഗ്രസ് നേതാവ് രേണുക ചൗധരി അഭിപ്രായപ്പെട്ടിരുന്നു. ‘സരോജ് ഖാനോടും രേണുക ചൗധരിയോടും ഞാൻ പൂർണമായും യോജിക്കുന്നു.

സിനിമയിൽ കയറിപ്പറ്റാൻ പെൺകുട്ടികൾ എന്തൊക്കെ ഒത്തുതീർപ്പുകൾക്കു വഴങ്ങേണ്ടിവരുന്നു എന്നെനിക്കറിയാം. എന്നാൽ രാഷ്ട്രീയത്തിൽ അതെന്താണെന്ന് എനിക്കറിയില്ല. കാസ്റ്റിങ് വോട്ടിന്റെ സമയത്തുള്ളതാകാം.’ ‘ഇതു ശരിയാണെന്നല്ല ഞാൻ പറയുന്നത്. ഇത്തരമൊരു ഇടപാടിനു ഞാനൊരിക്കലുമുണ്ടാവില്ല. എന്നാൽ ചുറ്റിലും കാണുന്ന യാഥാർഥ്യത്തോടു കണ്ണടച്ചിട്ടു കാര്യമില്ല. സരോജ് ഖാനെ കുറ്റപ്പെടുത്തേണ്ട. വഴങ്ങിക്കൊടുക്കേണ്ട സാഹചര്യമുണ്ടാക്കുന്നവരെയാണു കുറ്റപ്പെടുത്തേണ്ടത്’– അദ്ദേഹം പറഞ്ഞു.