ഇഷ അംബാനിയും വിവാഹപ്പന്തലിലേക്ക്

മുംബൈ ∙ മഹാബലേശ്വറിലെ ക്ഷേത്രസൗന്ദര്യ പശ്ചാത്തലത്തിൽ ആനന്ദ് പിരാമലിന്റെ വിവാഹാഭ്യർഥന; കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷവിരുന്നാക്കി ഉച്ചയൂണ്. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മകൾ ഇഷയും വിവാഹപ്പന്തലിലേക്ക്. ഇരട്ടസഹോദരൻ ആകാശിന്റെ വിവാഹനിശ്ചയത്തിനു പിന്നാലെയാണ് ഇഷയുടെയും വിവാഹനിശ്ചയം. ഡിസംബറിലാണ് ഇരട്ടവിവാഹങ്ങൾ.

പിരാമൽ ഗ്രൂപ്പ് ഉടമ അജയ് പിരാമലിന്റെയും സ്വാതിയുടെയും മകനാണ് ആനന്ദ്. പിരാമൽ റിയാൽറ്റി എന്ന റിയൽ എസ്റ്റേറ്റ് കമ്പനി ഉൾപ്പെടെ ഒട്ടേറെ പിരാമൽ സംരംഭങ്ങളുടെ സ്ഥാപകൻകൂടിയാണ് ഇദ്ദേഹം. ഇന്ത്യൻ മെ‍ർച്ചന്റ് ചേംബർ യൂത്ത് വിങ്ങിന്റെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായും ശ്രദ്ധനേടിയിട്ടുണ്ട്. സ്റ്റാൻഫഡ് ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയാണു റിലയൻസ് ജിയോ റിലയൻസ് റീടെയ്ൽ ബോർഡംഗം കൂടിയായ ഇഷ.

ജൂണിൽ കോഴ്സ് കഴിയും. ഇഷയുടെ ഇരട്ടസഹോദരൻ ആകാശ്, ധിരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ തന്റെ സഹപാഠിയായിരുന്ന ശ്ലോകയെയാണു വിവാഹം ചെയ്യുന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ ശ്ലോക റോസി ബ്ലൂ ഫൗണ്ടേഷൻ ഡയറക്ടറാണ്.