Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എവിടെയാണ് ആ ‘ശ്രേഷ്ഠ ജിയോ ഇൻസ്റ്റിറ്റ്യൂട്ട്’?; മോദി സർക്കാരിന് രൂക്ഷ വിമർശനം

reliance-modi മുകേഷ് അംബാനി, നരേന്ദ്ര മോദി, നിത അംബാനി (ഫയൽ ചിത്രം)

ന്യൂഡൽഹി∙ തറക്കല്ലു പോലുമിട്ടിട്ടില്ലാത്ത റിലയൻസ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനു ശ്രേഷ്‌ഠ പദവി നൽകിയ കേന്ദ്ര സർക്കാർ തീരുമാനം വിവാദത്തിൽ. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു), ഡൽഹി യൂണിവേഴ്സിറ്റി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തള്ളി ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെ പട്ടികയിൽ ഉൾപ്പെടുത്തിയതാണു രൂക്ഷവിമർശനം ക്ഷണിച്ചുവരുത്തിയത്.

മൂന്നു വീതം സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണു മാനവശേഷി മന്ത്രാലയം പുറത്തിറക്കിയ ശ്രേഷ്ഠ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംനേടിയത്. ബോംബെ, ഡൽഹി ഐഐടികളും ബെംഗളൂരു ഐഐഎസുമാണ് സർക്കാർ വിഭാഗത്തിൽ. ബിറ്റ്സ് പിലാനി, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, റിലയൻസ് ഫൗണ്ടേഷന്റെ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണു സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിലുള്ളത്. പ്രവർത്തനം തുടങ്ങിയിട്ടില്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ട് എങ്ങനെ ശ്രേഷ്ഠ പദവി നേടി എന്നാണു വിദ്യാഭ്യാസ വിദഗ്ധർ ചോദിക്കുന്നത്.

‘ജിയോ സ്ഥാപനം എന്നതു നിലവിൽ നിർദേശം മാത്രമാണ്. അക്കാദമി രംഗത്തോ സാമൂഹിക രംഗത്തോ എണ്ണപ്പെടാവുന്ന യാതൊരു സംഭാവനയുമില്ല. ഫാക്കൽറ്റി, ക്യാംപസ്, കോഴ്സ് എന്നിവയെപ്പറ്റി വിവരമില്ല. കടലാസ് സ്ഥാപനങ്ങൾക്കു ശ്രേഷ്ഠ പദവി നൽകുന്നത് അക്കാദമി രംഗത്തെ അഴിമതിയാണ്’– ഡൽഹി യൂണിവേഴ്സ്റ്റി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് റജിബ് റായ് പറഞ്ഞു. ഒരു ദിവസം കൊണ്ട് കടലാസിൽ സൃഷ്ടിക്കാവുന്നതല്ല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അതിനു പതിറ്റാണ്ടുകളെടുക്കും. ഈ രീതിയെ കളിയാക്കുകയാണു ജിയോ ഇൻസ്റ്റിറ്റ്യൂട്ട്. കോർപറേറ്റുകൾക്കായി ഉന്നത വിദ്യാഭ്യാസത്തെ വിൽക്കുകയാണു മോദി സർക്കാർ ചെയ്യുന്നതെന്നും റായ് വിമർശിച്ചു.

മോദി സര്‍ക്കാര്‍ വീണ്ടും അംബാനിമാര്‍ക്ക് കുടപിടിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. എന്തിന്റെ അടിസ്ഥാനത്തിലാണു ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇത്തരമൊരു പദവി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് ചോദിച്ചു. കേന്ദ്രസർക്കാർ തീരുമാനത്തിനു പിന്നാലെ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ട്രെൻഡിങ്ങായി. ‘എവിടെയാണ് ജിയോ ഇൻസ്റ്റിറ്റ്യട്ട്’ എന്നതു പോലെയുള്ള ചോദ്യങ്ങളാണ്, മാനവശേഷി മന്ത്രിയെ ടാഗ് ചെയ്ത് ട്വിറ്ററിൽ ഉയരുന്നത്. ‘എന്താണ് ജിയോ ഇൻസ്റ്റിറ്റ്യൂട്ട്? എല്ലാവരും ഇന്നാണ് ഇങ്ങനെയൊരു ശ്രേഷ്ഠ സ്ഥാപനത്തെപ്പറ്റി അറിയുന്നത്’– ഒരാൾ ട്വിറ്ററിൽ കുറിച്ചു.

‘സ്വന്തമായൊരു ക്യാംപസ് ഇല്ല. ഒരു വെബ്സൈറ്റില്ല. പൂർവിവിദ്യാർഥികളെക്കുറിച്ച് അറിയില്ല. അശോക യൂണിവേഴ്സിറ്റി, ഒ.പി.ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി എന്നീ സ്വകാര്യ സ്ഥാപനങ്ങളെ പിന്തള്ളിയാണ് ജിയോയ്ക്ക് പദവി നൽകിയത്. സർക്കാരിന്റെ താത്പര്യങ്ങളുടെ വൈരുധ്യമല്ലേ ഇതു കാണിക്കുന്നത്?’– ജെഎൻയു പ്രഫസർ അയേഷ ക്വിദ്‍വായ് ചോദിച്ചു.

കേന്ദ്ര നടപടിയെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തി. ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ഇതുവരെ തറക്കല്ലിട്ടിട്ടില്ല. പക്ഷേ, അത്തരം സ്ഥാപനങ്ങൾക്കു നീക്കിവെച്ചിരിക്കുന്ന 1000 കോടിയിൽ നിന്നു കനപ്പെട്ട വിഹിതം കേന്ദ്രസർക്കാരിൽ നിന്നു കിട്ടും. കാരണം സ്ഥാപനത്തിന്റെ ഉടമസ്ഥൻ അംബാനിയാണ്. അദ്ദേഹം മോഹിച്ചാൽ അമ്പിളിയമ്മാവനെ സർക്കാർ ചെലവിൽ വീട്ടിലെത്തിക്കാൻ ബാധ്യസ്ഥരാണ് കേന്ദ്രഭരണാധികാരികൾ– ഐസക് അഭിപ്രായപ്പെട്ടു. 

ശ്രേഷ്ഠ പദവി ലഭിച്ച സർക്കാർ സ്ഥാപനങ്ങൾക്ക് ഓരോന്നിനും 1000 കോടി രൂപ വീതം കേന്ദ്ര സഹായം ലഭിക്കും. നേരത്തേ രാജ്യത്തെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ശ്രേഷ്ഠ പദവി നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ലോകറാങ്കിൽ വരില്ലെന്ന കാരണം പറഞ്ഞ് പട്ടിക ആറായി ചുരുക്കുകയായിരുന്നു.

related stories