അബദ്ധ വിപ്ലവം തുടരുന്നു; ടഗോർ നൊബേൽ സമ്മാനം തിരികെ നൽകിയെന്ന് ബിപ്ലബ് കുമാർ ദേബ്

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ചിത്രം: ട്വിറ്റർ

അഗർത്തല ∙ വീണ്ടും അബദ്ധ പരാമർശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധ സൂചകമായി രബീന്ദ്രനാഥ ടഗോർ നൊബേൽ പുരസ്കാരം തിരിച്ചുനൽകിയെന്നാണ് ബിപ്ലബ് പറഞ്ഞത്. ടഗോറിന്റെ ജൻമശതാബ്ദി ആഘോഷങ്ങൾക്ക് ഉദയ്പുരിൽ തുടക്കം കുറിച്ചു സംസാരിക്കുമ്പോഴായിരുന്നു പരാമർശം.

1913 ൽ സാഹിത്യത്തിനു ലഭിച്ച നൊബേൽ സമ്മാനം ടഗോർ തിരികെ നൽകിയിട്ടില്ല. തനിക്കു ലഭിച്ച സർ പദവിയാണ് 1919ൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് പ്രതിഷേധ സൂചകമായി അദ്ദേഹം നിരസിച്ചത്. ഏതായാലും ബിപ്ലബിന്റെ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വി‍ഡ്ഢിത്തത്തിന്റെ എല്ലാ അതിരുകളും മുഖ്യമന്ത്രി ലംഘിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഗൗതം ദാസ് പറഞ്ഞു. നിർഭാഗ്യകരമെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്.

മഹാഭാരത കാലത്തും ഇന്റർനെറ്റ് ‌ ഉണ്ടായിരുന്നു, ലോക സുന്ദരി ഡയാന ഹെയ്ഡൻ ഐശ്വര്യ റായിയുടെ അത്ര സുന്ദരിയല്ല, സിവിൽ സർവീസിനു പോകേണ്ടത് സിവിൽ എൻജിനീയർമാരാണ്, ബിരുദമുള്ളവർ സർക്കാർ ജോലിക്കു ശ്രമിക്കാതെ പശുവിനെ വളർത്താനോ പാൻ കട നടത്താനോ നോക്കണം എന്നീ  പരാമർശങ്ങളും ട്രോളുകൾ ക്ഷണിച്ചുവരുത്തിയിരുന്നു.