ബംഗാൾ വോട്ടെണ്ണൽ ഇന്ന്; റീപോളിങ്ങിൽ 68%

കൊൽക്കത്ത ∙ കനത്ത സുരക്ഷയിൽ ബംഗാളിലെ 572 ബൂത്തുകളിൽ നടന്ന റീപോളിങ്ങിൽ 68% പേർ വോട്ടുചെയ്തു. ഇന്നാണു വോട്ടെണ്ണൽ. മാൽഡയിലെ ഒരു ബൂത്തിൽ നിന്ന് അക്രമികൾ ബാലറ്റ് പെട്ടികൾ തട്ടിയെടുത്തതല്ലാതെ കാര്യമായ അക്രമങ്ങൾ ഉണ്ടായില്ല. ഇവിടെ ഒരു വോട്ടർ ക്യൂവിൽ കുഴഞ്ഞുവീണു മരിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങൾ സംബന്ധിച്ചു കേന്ദ്രസർക്കാർ സംസ്ഥാനത്തോടു വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. നേരത്തേ നൽകിയ റിപ്പോർട്ട് ശുഷ്കമായിരുന്നതിനാലാണ് വിശദമായ റിപ്പോർട്ട് തേടിയത്. 14നു നടന്ന പോളിങ്ങിനിടയിലുണ്ടായ ആക്രമണങ്ങളിൽ 12 പേരാണു കൊല്ലപ്പെട്ടത്. ഇതിനിടെ, 14നു പോളിങ് കഴിഞ്ഞു കാണാതായ പ്രിസൈഡിങ് ഓഫിസർ രാജ്കുമാർ റേയുടെ (33) മൃതദേഹം ഉത്തര ദിനാജ്പുർ ജില്ലയിൽ റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി. മരണകാരണം അറിവായിട്ടില്ല. സ്കൂൾ അധ്യാപകനായിരുന്നു.