സത്യപ്രതിജ്ഞയ്ക്ക് എത്താതെ അമിത്ഷാ; യുപി മുതല്‍ ത്രിപുര വരെയുള്ള പതിവ് തെറ്റി

ബെംഗളൂരു ∙ യെഡിയൂരപ്പയുടെ സത്യപ്രതി‍ജ്ഞാച്ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ അഭാവം ശ്രദ്ധേയമായി. കർണാടകയിൽനിന്നുള്ള കേന്ദ്രമന്ത്രിമാരായ ഡി.വി.സദാനന്ദഗൗഡ, എച്ച്.എൻ.അനന്ത്കുമാർ എന്നിവർക്കു പുറമെ ജെ.പി.നഡ്ഡ, പ്രകാശ് ജാവഡേകർ, ധർമേന്ദ്ര പ്രധാൻ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവു എന്നിവർ മാത്രമാണു ദേശീയ നേതാക്കളായി ഉണ്ടായിരുന്നത്. കോടതിവിധിക്കു വിധേയമാണു സത്യപ്രതിജ്ഞയുടെ സാധുതയെന്നതു കേന്ദ്രനേതൃത്വത്തെയും സ്വാധീനിച്ചെന്നു വ്യക്തം.

കഴിഞ്ഞ രണ്ടു വർഷം ബിജെപി അധികാരത്തിൽ വന്ന മറ്റു സംസ്ഥാനങ്ങളിലെ കാഴ്ച ഇങ്ങനെ:

∙ ത്രിപുര: ഈ വർഷം മാർച്ച് ഒൻപതിനു ബിപ്ലബ് കുമാർ ദേബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, മുതിർന്ന നേതാക്കളായ എൽ.കെ.അഡ്വാനി, മുരളീമനോഹർ ജോഷി, ബിജെപി മുഖ്യമന്ത്രിമാരായ വിജയ് രൂപാണി (ഗുജറാത്ത്), ശിവ്‌രാജ് സിങ് ചൗഹാൻ (മധ്യപ്രദേശ്), സർബാനന്ദ സോനോവാൾ (അസം), രഘുബർ ദാസ് (ജാർഖണ്ഡ്), വസുന്ധര രാജെ (രാജസ്ഥാൻ), ദേവേന്ദ്ര ഫഡ്നാവിസ് (മഹാരാഷ്ട്ര) എന്നിവരും സഖ്യകക്ഷി മുഖ്യമന്ത്രിയായ നെയിഫു റിയോയും (നാഗാലാൻഡ്) പങ്കെടുത്തു.

∙ മേഘാലയ: ഈ വർഷം മാർച്ച് ആറിനു ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി നാഷനൽ പീപ്പിൾസ് പാർട്ടി നേതാവ് കോൺറാഡ് സങ്മ സ്ഥാനമേറ്റ ചടങ്ങിൽ അമിത് ഷായും കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങും പങ്കെടുത്തു.

∙ മണിപ്പുർ: 2017 മാർച്ച് 15നു ബിജെപിയുടെ എൻ.ബീരേൻസിങ്ങിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ അമിത് ഷായ്ക്കും അന്നു കേന്ദ്രമന്ത്രിയായിരുന്ന വെങ്കയ്യ നായിഡുവിനും വിമാനത്തകരാർ മൂലം പങ്കെടുക്കാൻ കഴിഞ്ഞില്ല.

∙ ഗോവ: 2017 മാർച്ച് 14നു മനോഹർ പരീക്കറുടെ സത്യപ്രതി‍ജ്ഞാച്ചടങ്ങിൽ അമിത് ഷായും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പങ്കെടുത്തു.

∙ ഉത്തർപ്രദേശ്: 2017 മാർച്ച് 19നു യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിങ്, എൽ.കെ.അഡ്വാനി എന്നിവർ പങ്കെടുത്തു.