വിമാനത്തിന് അനുമതി: മന്ത്രി റിപ്പോർട്ട് തേടി

ന്യൂഡൽഹി ∙ എംഎൽഎമാരെ കൊച്ചിയിലേക്കു കൊണ്ടുപോകുന്നതിനുള്ള ചാർട്ടേർഡ് വിമാനത്തിനു പറക്കാൻ അനുമതി നൽകിയില്ലെന്ന ജനതാദളി (എസ്)ന്റെ പരാതിയിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിൽ (ഡിജിസിഎ) നിന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം റിപ്പോർട്ട് തേടി.

ആഭ്യന്തര ചാർട്ടേർഡ് വിമാനങ്ങൾക്കു പറക്കാൻ ഡിജിസിഎയുടെ അനുമതി ആവശ്യമില്ലെന്നും അതതു സ്ഥലത്തെ വ്യോമയാന ട്രാഫിക് കൺട്രോളിന്റെ അനുമതി മതിയെന്നും വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ വ്യക്തമാക്കി. ബിജെപിയിൽനിന്നു സംരക്ഷിച്ചു നിർത്തിയ തങ്ങളുടെ എംഎൽഎമാരെ കൊച്ചിയിലേക്കു സുരക്ഷിതമായി മാറ്റാൻ വ്യാഴാഴ്ച രാത്രിയാണു കോൺഗ്രസ് – ജനതാദൾ സഖ്യം നീക്കം നടത്തിയത്.